വയനാട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മാനന്തവാടി: വയനാട് പടിഞ്ഞാറെത്തറയ്ക്കും ബാണാസുര സാഗര്‍ ഡാമിനും സമീപത്തുള്ള വനമോഖലയില്‍ മോവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നു. കേരള പൊലീസിന്റെ സായുധ സേന സംഘമായ തണ്ടര്‍ ബോള്‍ട്ടുമായാണ് മോവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മൂന്ന് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘത്തിലെ ഒരാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ അല്‍പ്പെ സമയം വരെ തുടര്‍ന്നിരുന്നു. രാവിലെ പ്രദേശത്ത് പട്രോളിങ് നടത്തിയ സംഘമാണ് മാവോയിസ്റ്റുകളെ കണ്ടത്. മാവോയിസ്റ്റുകള്‍ തണ്ടര്‍ ബോള്‍ട്ടുകാര്‍ക്കെതിരെ വെടിവെച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരം.

മാവോയിസ്റ്റ് സംഘത്തിന്റെ കബനീദളം സജീവമായ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് കുറച്ച് കാലത്തേക്ക് നിര്‍ത്തി വെച്ച പട്രോളിങ് പുനഃരാരംഭിച്ച സാഹചര്യത്തിലാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടക്കുന്നത്. കൊല്ലപ്പെട്ടയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇയാളില്‍ നിന്നും 303 മോഡല്‍ റൈഫിള്‍ കണ്ടെത്തിയിട്ടുണ്ട്.

Content Highlight: Maoist Attack in Wayanad