പത്തനംതിട്ട: ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ആചാര ലംഘനത്തിന് ശ്രമിക്കുകയാമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം. കൊവിഡ് വ്യാപന ഭീതി കണക്കിലെടുത്ത് ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തരുടെ എണ്ണത്തിലും നെയ്യഭിഷേകം, പമ്പാ സ്‌നാനം തുടങ്ങിയ ചടങ്ങുകളിലും ഇത്തവണ സര്‍ക്കാര്‍ മാറ്റം വരുത്തിയിരുന്നു. ആചാരാനുഷ്ഠാനങ്ങളില്‍ വരുത്തിയ മാറ്റം ആചാര ലംഘനത്തിനും കാരണമാകുമെന്നാണ് അയ്യപ്പ സേവാ സമാജത്തിന്റെ ആരോപണം.
ശബരിമലയിലെ ആചാരങ്ങളെ ലംഘിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ അയ്യപ്പ സേവാ സംഗമം നടത്താനുള്ള ഒരുക്കത്തിലാണ് സേവ സമാജം. ഈ മാസം 8 ന് പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലായാണ് മഹാസംഗമം നടക്കുക. കുമ്മനം രാജശേഖരന്‍, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ തുടങ്ങിയവരാണ് പരിപാടിക്ക് അധ്യക്ഷത വഹിക്കുന്നത്.
തന്ത്രിയുമായോ പന്തളം രാജ കുടുംബ പ്രതിനിധികളുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതെന്നും സമാജം ആരോപിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന സര്‍ക്കാരിന് കാണിക്കയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ താല്‍പര്യമില്ലെന്നും അവര്‍ ചൂണ്ടികാട്ടി. കൂടിയാലോചിക്കാതെയുള്ള സര്‍ക്കാരിന്റെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്നും അയ്യപ്പ സേവ സമാജം പറഞ്ഞു.
Content Highlight: Ayyappa Seva Samajam against Covid Protocols by Government