പരാതിക്കാരൻ എസ്.ടി/എസ്.സി വിഭാഗത്തിൽ പെടുന്നതുകൊണ്ടു മാത്രം ഒരു സവർണന് ശിക്ഷ വിധിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വിചിത്ര പരാമർശം നടത്തിയത്. പട്ടികജാതി/പട്ടിക വർഗത്തിൽ പെടുന്നയാളെ മനപൂർവ്വം അപമാനിക്കാൻ ശ്രമിച്ചോ ഇല്ലയോ എന്ന് കൃത്യമായി ബോധ്യപ്പെടാതെ പരാതി നൽകിയത് ആ വിഭാഗത്തിൽ പെടുന്ന ആളായതുകൊണ്ടുമാത്രം ഒരു സവർണനെ ശിക്ഷിക്കാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.
ദളിതരെ അപമാനിക്കുന്ന തരത്തിൽ പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ മാത്രമെ അത് കുറ്റകരമായി കാണാൻ കഴിയുകയുള്ളുവെന്നും അല്ലാതെയുള്ള കളിയാക്കലുകൾ കുറ്റകരമായി കാണേണ്ടതില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത പറഞ്ഞു. ഒരു സ്ത്രീയ്ക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്ന കേസിലെ കുറ്റാരോപിതനെതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കിയതിലാണ് കോടതിയുടെ വിശദീകരണം. യുവതിയെ കൃഷി ചെയ്യുന്നതിൽ നിന്ന് എതിർകക്ഷി വിലക്കിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് കേസ്.
എന്നാൽ അധിക്ഷേപം നടത്തിയത് നാല് ചുവരുകൾക്കുള്ളിലാണെന്ന് മാത്രമല്ല അത്തരമൊരു സംഭവം നടന്നതിന് പുറത്ത് സാക്ഷികളാരും ഇല്ലെന്നും കോടതി വിലയിരുത്തി. ഇത്തരം സംഭവങ്ങളിൽ ക്രമിനൽ നടപടിയെടുക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എസ്.സി എസ്.ടി ആക്ട് വഴി സവർണരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും കോടതി പറഞ്ഞു. പട്ടികജാതി ആയതുകൊണ്ട് മാത്രം എല്ലാ തരം അപമാനിക്കലുകളും കുറ്റകൃത്യമായി കാണാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
content highlights: Supreme Court says Can’t Prosecute Upper Caste Person Just Because Complainant is from SC/ST Community