ബിജെപി ഉള്‍പാര്‍ട്ടിപ്പോര്: ആര്‍എസ്എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചു വരുത്തി നേതൃത്വം

തിരുവനന്തപുരം: കേരള ബിജെപിക്കുള്ളിലെ ഉള്‍പാര്‍ട്ടിപ്പോര് രൂക്ഷമായതോടെ തെരഞ്ഞെടുപ്പിന് മുമ്പേ പരിഹരിക്കാന്‍ ഉറച്ച് ആര്‍എസ്എസ് നേതൃത്വം. കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രശ്‌നം പരിഹരിക്കാനുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് വിളിച്ച് വരുത്തി. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പോര് പരിഹരിക്കാനുള്ള നീക്കത്തിലേക്ക് നേതൃത്വം കടന്നത്.

വിഷയം ഇത്രയും വലുതാകുന്നത് വരെ നീട്ടിക്കൊണ്ട് പോയതിലുള്ള അതൃപ്തി നേതൃത്വം സുരേന്ദ്രനെ അറിയിച്ചു. ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം ആരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകരുതെന്നും പരാതികള്‍ക്ക് പരിഹാരം കാണണമെന്നും നേതൃത്വം സുരേന്ദ്രന് നിര്‍ദ്ദേശം നല്‍കി. കഴിവിനൊത്ത സ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ എല്ലാവര്‍ക്കും അവസരം നല്‍കണമെന്ന ആവശ്യവും നേതൃത്വം മുന്നോട്ട് വെച്ചു.

കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രനടക്കം നിരവധി നേതാക്കള്‍ രംഗത്ത് വന്നതോടെയാണ് പാര്‍ട്ടിക്കുള്ളിലെ പോര് ചര്‍ച്ചാ വിഷയമാകുന്നത്. ഇതിനിടെ ശോഭ സുരേന്ദ്രന്‍ ബിജെപിയില്‍ നിന്ന് വിട്ട് ഇടതിനോ വലതിനോ ഒപ്പം ചോരുമെന്ന പ്രചാരണങ്ങള്‍ക്ക് ശോഭ സുരേന്ദ്രന്‍ മറുപടി നല്‍കാതിരുന്നതും പാര്‍ട്ടി നേതൃത്വത്തെ അനിശ്ചിതത്വത്തിലാക്കി. ശോഭയ്ക്ക് കൂടുതല്‍ പിന്തുണ ലഭിക്കുന്നുവെന്ന് കണ്ടതോടെയാണ് രമ്യതാ ചര്‍ച്ചക്ക് ആര്‍എസ്എസ് നേതൃത്വം മുന്‍കൈ എടുത്തത്.

Content Highlight: RSS called K Surendran to solve conflicts in Kerala BJP