യുഎഇയിൽ സിവിൽ ക്രിമിനൽ ശിക്ഷാനിയമത്തിലെ സമഗ്രമാറ്റത്തിന് അംഗീകാരം. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലെെംഗീകാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലെ മാറ്റങ്ങൾക്കാണ് യു.എ.ഇ പ്രസിഡൻ്റ് ശെെഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകിയത്. പുതിയ നിയമങ്ങൾ ഉൾപ്പെടുത്തിയും നിലവിലെ നിയമങ്ങൾക്ക് മാറ്റങ്ങൾ വരുത്തിയുമാണ് ഇവ നടപ്പാക്കുക.
യുഎഇയിലെ പ്രവാസികൾക്ക് പിന്തുടർച്ചാവകാശവും സ്വത്ത് കെെമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങൾ പിന്തുടരാം. മരിച്ച വ്യക്തികളുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കെെകാര്യം ചെയ്യാം. വിൽപത്രമുണ്ടെങ്കിൽ അതിനനുസരിച്ച് സ്വത്ത് കെെമാറാം. എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏത് രാജ്യത്താണോ വിവാഹം നടക്കുന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാവുക.
ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതും ഗുരുതര കുറ്റമാക്കി. 1987ലെ പീനൽ കോഡ് മൂന്നിലെ ആർട്ടിക്കിളിൽ മാറ്റങ്ങൾ കൊണ്ടുവന്നു. ദുരഭിമാന കുറ്റകൃത്യങ്ങൾ കൊലപാതകമായി ഇനിമുതൽ കണക്കാക്കും. പീനൽകോഡിലെ ആർട്ടിക്കിളുകൾ പ്രകാരമുള്ള ശിക്ഷയായിരിക്കും നൽകുക. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുപ്രദാന ഭേദഗതിയാണിത്.
21 വയസിൽ താഴെയുള്ളവർ മദ്യവിൽപ്പനയോ മദ്യപാനമോ നടത്തിയാൽ ശിക്ഷ ലഭിക്കും. 21 വയസിന് മുകളിലുള്ളവർക്ക് മദ്യപാനം അനുവദിച്ചു. പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് ജയിൽശിക്ഷയ്ക്ക് പകരം പിഴ ഏർപ്പെടുത്തി. ഉഭയസമ്മതപ്രകാരം ലെെംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ല. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിവരുമായി ഉഭയസമ്മതപ്രകാരമുള്ള ലെെംഗികബന്ധം ശിക്ഷാർഹമാണ്. ലെെംഗീക പീഡനത്തിന് ഇനിമുതൽ വധശിക്ഷ നൽകും.
മറ്റുള്ളവരെ സഹായിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തി കാരണം മറ്റൊരു വ്യക്തിക്ക് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ആ വ്യക്തി കുറ്റകൃത്യത്തിന് ഉത്തരവാദിയല്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
CONTENT HIGHLIGHTS: UAE Announces Relaxing of Islamic Laws for Personal Freedoms