ബിഹാറില്‍ ഇടത് മുന്നേറ്റം; ബംഗാളിനും ത്രിപുരക്കും പകരം ബീഹാറില്‍ മധുര പ്രതികാരം വീട്ടി ഇടത് ശക്തികള്‍

പട്‌ന: ബിഹാറില്‍ വന്‍ മുന്നേറ്റമുണ്ടാക്കി ഇടത് ശക്തികള്‍. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ മൂന്ന് സീറ്റില്‍ നിന്ന് 19 സീറ്റുകളെന്ന വന്‍ വിജയത്തിലേക്കാണ് വോട്ടെണ്ണല്‍ പകുതിയായ ഘട്ടത്തിലെ ഇടത് പക്ഷത്തിന്റെ ലീഡ്. അര്‍വാള്‍, ബിഭുതിപുര്‍, ഗോസി, ദുംറാവ്, അഗിയാവ്, അരാഹ്, ബാക്രി തുടങ്ങിയ ആര്‍ജെഡിയുടേയും ജെഡിയുവിന്റേയും കോണ്‍ഗ്രസിന്റേയും 16 സിറ്റിങ് സീറ്റുകളിലാണ് സിപിഎം, സിപിഐ, സിപിഎംഎല്‍ എന്നീ പാര്‍ട്ടികള്‍ ലീഡ് നില ഉയര്‍ത്തിയിരിക്കുന്നതെന്നതും ഇടതിനെ സംബന്ധിച്ച് വിജയമാണ്.

ബംഗാളും ത്രിപുരയും കൈവിട്ടു പോയ സിപിഎമ്മിന് ബിഹാറിലെ വിജയം ഒരു മധുര പ്രതികാരവും ഒപ്പം നിലനില്‍പ്പിന്റെ പ്രശ്‌നവും കൂടിയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തേജസ്വി യാദവുമായി പിരിഞ്ഞ് വേറിട്ട് മത്സരിച്ചെങ്കിലും ഈ തെരഞ്ഞെടുപ്പില്‍ നിതീഷിനെതിരെ മഹാസഖ്യത്തിനൊപ്പമാണ് ഇടത് പാര്‍ട്ടികള്‍.

മഹാസഖ്യം സര്‍ക്കാരുണ്ടാക്കിയാല്‍ ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരില്‍ ചേരുമോ എന്നതിനെ കുറിച്ച് അപ്പോഴത്തെ സാഹചര്യം വിലയിരുത്തി തീരുമാനിക്കാമെന്ന പ്രതികരണത്തിലായിരുന്നു നേതാക്കള്‍.

ബിഹാറില്‍ നിന്നുള്ള ഫല സൂചനകളില്‍ ബിജെപി മുന്നണി ലീഡ് ചെയ്ത് കേവല ഭൂരിപക്ഷം മറി കടന്നു. ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്ന മധ്യപ്രദേശ് അടക്കമുള്ള മിക്ക സംസ്ഥാനങ്ങളും ബിജെപി ലീഡ് നിലനിര്‍ത്തുന്നുണ്ട്.

Content Highlight: Bihar assembly Election 2020 Left parties retain lead