ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യത പങ്കുവെച്ച് ആദ്യഘട്ട ഫലം

പട്‌ന: ബിഹാറില്‍ നിന്ന് ആദ്യഘട്ട ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ച വെച്ച് മുന്നണികള്‍. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും ജെഡിയു-ബിജെപി മുന്നണിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ആദ്യഫലസൂചനകളില്‍ കാഴ്ചവെക്കുന്നത്. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിലാണ് ജെഡിയു-ബിജെപി മുന്നണികള്‍ ലീഡ് നില ഉറപ്പിച്ചിരിക്കുന്നത്.

ഇതിനിടെ ജെഡിയുവുമായി പിണങ്ങി എന്‍ഡിഎ മുന്നണി വിട്ട ചിരാഗ് പസ്വാന്റെ എല്‍ജെപി അഞ്ചിടങ്ങളില്‍ ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. എന്‍ഡിഎ, യുപിഎ മുന്നണികള്‍ നൂറിന് മുകളില്‍ ലീഡ് നില ഉയര്‍ത്തിയിട്ടുണ്ട്. ഏതാനും വോട്ടുകളുടെ മാത്രം വ്യത്യാസത്തില്‍ തുടരുന്നതിനാല്‍ തൂക്കു മന്ത്രിസഭയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളയാനുമാകില്ല.

കനത്ത സുരക്ഷയില്‍ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.എക്‌സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംഷയിലാണ് രാജ്യം. ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യ പ്രദേശാണ് മറ്റൊരു ശ്രദ്ധാ കേന്ദ്രം.

Content Highlight: Bihar Election Results 2020