ന്യൂഡല്‍ഹി: ബിഹാറിലെ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നത്. ഉച്ചയോടെ ഇരുപത് ശതമാനം വോട്ടുകള്‍ മാത്രമാണ് എണ്ണി പൂര്‍ത്തിയാക്കിയത്. 4.10 കോടി വോട്ടുകളാണ് ബിഹാറില്‍ പോള്‍ ചെയ്തിട്ടുള്ളത്. ഉച്ചയോടെ ഇതില്‍ ഒരു കോടി വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണിതീര്‍ന്നിട്ടുള്ളുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ നടത്തുന്നതിനാലാണ് താമസമെടുക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം പൂര്‍ത്തിയാകുമ്പോള്‍ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇതിനിടെ ഇവിഎം മെഷീനില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയെങ്കിലും കമ്മിഷന്‍ ആരോപണത്തെ തള്ളി. സുപ്രീംകോടതി പോലും തള്ളിയ ആരോപണമാണിതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
അതേസമയം, നിലവിലെ ലീഡ് നിലയില്‍ മുന്‍തൂക്കമുള്ള ബിജെപി ജെഡിയു ആസ്ഥാനങ്ങളില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ആഘോഷങ്ങള്‍ നിര്‍ത്തി വെച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്തായിരുന്നു നിര്‍ദ്ദേശം. അതേസമയം, ബിഹാറില്‍ വലിയൊരു മാറ്റത്തിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല. പകുതി വോട്ടെണ്ണല്‍ പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ലീഡ് നില മാറി മറിയാനാണ് സാധ്യത.
Content Highlight: Bihar Election Results will late