പെട്രോൾ പമ്പുകളിൽ നിന്ന് മോദിയുടെ ചിത്രം ഉടൻ നീക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

ECI directs petrol pumps to remove hoardings featuring PM Modi’s image within 72 hours

ബംഗാളിൽ പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഫ്ലക്സുകൾ നീക്കം ചെയ്യാൻ നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മിഷൻ. 72 മണിക്കൂറിനകം ഫ്ലക്സുകൾ നീക്കണമെന്നാണ് ഉത്തരവ്. തൃണമൂൽ കോൺഗ്രസിന്റെ പരാതിയിന്മേലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശം. കേന്ദ്ര സർക്കാർ പദ്ധതികൾ വിളംബരം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ പെരുമാറ്റ ചട്ട ലംഘനമാണെന്ന് ടിഎംസി ചൂണ്ടിക്കാട്ടി. 

കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ പരസ്യപ്പെടുത്തുന്ന ഫ്ലക്സുകൾ തിരഞ്ഞെടുപ്പ് നടക്കുന്ന നാലു സംസ്ഥാനങ്ങളിൽ നിന്നും പുതുച്ചേരിയിൽ നിന്നും മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണ് ഇതെന്നു ചൂണ്ടിക്കാട്ടിയാണ് നിർദേശം. കോവിഡ് വാക്‌സീന്‍ സ്വീകരിക്കുന്നവര്‍ക്ക് ആരോഗ്യമന്ത്രാലയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തെന്നു ചൂണ്ടിക്കാട്ടി തൃണമൂൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. വാക്‌സിനേഷന്‍ ഡ്യൂട്ടി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്ന് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു. 

content highlight: ECI directs petrol pumps to remove hoardings featuring PM Modi’s image within 72 hours