മണിയും മസിൽ പവറും ഉണ്ടായിട്ടും മോദിക്കും നിതീഷിനും ഞങ്ങളെ തകർക്കാനാകില്ല; തേജസ്വി യാദവ്

മണി പവറും മസിൽ പവറും ഉണ്ടായിട്ടും ആർജെഡി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുന്നത് തടയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി നിതീഷ് കുമാറിനും സാധിച്ചില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നുവെന്നും തങ്ങൾ പരാതികൾ ഉന്നയിച്ച സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ വേണമെന്നും തേജസ്വി യാദവ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർജെഡി നേതാവും സഹോദരനുമായ തേജ് പ്രതാപ് യാദവ്, സിപിഐഎംഎൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ എന്നിവർ തേജസ്വി യാദവിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

പ്രധാനമന്ത്രി മോദി പിൻവാതിലിലൂടെ കടന്നുവരാൻ ശ്രമിച്ചു. എന്നാൽ ജയിച്ചത് മഹാസഖ്യമാണ്. നിതീഷിൻ്റെ ജെഡിയു-ബിജെപി സർക്കാർ പരാജപ്പെട്ടിരിക്കുന്നു. തേജസ്വി പറഞ്ഞു. വളരെയധികം പോസ്റ്റൽ ബാലറ്റുകൾ തള്ളിയിട്ടുണ്ടെന്നും തേജസ്വി കുറ്റപ്പെടുത്തി. വോട്ടെണ്ണലിൻ്റെ തുടക്കത്തിൽ ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം മുന്നേറ്റം കാഴ്ചവെച്ചെങ്കിലും പിന്നീട് എൻഡിഎ ലീഡ് ചെയ്യുകയായിരുന്നു. തങ്ങളുടെ സ്ഥാനാർത്ഥികൾ നേരിയ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ട 8 സീറ്റുകളിൽ വീണ്ടും വോട്ടെണ്ണണമെന്ന് ആർജെഡി ആവശ്യപ്പെട്ടിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യം ആംഗീകരിച്ചിരുന്നില്ല.

content highlights; “Money, Muscle, Deceit Couldn’t…” Tejashwi Yadav Slams PM, Nitish Kumar