വയനാട് തുരങ്ക പാത: സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത് പരിസ്ഥിതി അനുമതിക്ക് അപേക്ഷ പോലും നല്‍കാതെ

കല്‍പ്പറ്റ: സംസ്ഥാന സര്‍ക്കാരിന്‍രെ സ്വപ്‌ന പദ്ധതിയെന്ന് കൊട്ടിഘോഷിച്ച ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത ലോഞ്ചിങ് നടത്തിയത് പരിസ്ഥിത് അനുമതിക്ക് അപേക്ഷ പോലും നല്‍കാതെയെന്ന് വിവരാവകാശ രേഖ. 900 കോടി രൂപ കിഫ്ബിയില്‍ നിന്ന് മുടക്കി മൂന്ന് മാസം കൊണ്ട് പണി ആരംഭിക്കുമെന്നായിരുന്നു പ്രഖ്യാപനം.

വനഭൂമിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നതിന് ആദ്യം ലഭിക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയാണ്. എന്നാല്‍ ഇതിനായുള്ള അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നാണ് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. വയനാട് ചുരത്തിലെ കുരുക്ക് ഒഴിവാക്കാനാണ് തുരങ്ക പാത നിര്‍മാണമെന്നായിരുന്നു സര്‍ക്കാര്‍ ഭാഷ്യം. തുരങ്കത്തിന്റെ 8 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെയാണ്. വനപ്രദേശം പരിസ്ഥിതി ലോല പ്രദേശമാണെന്ന് കാണിച്ച് പരിസ്ഥിതി പ്രവര്‍ത്തകരും ഇതിനിടെ രംഗത്തെത്തിയിരുന്നു.

പദ്ധതി തട്ടിപ്പാണെന്ന് ശരിവെക്കുന്നതാണ് വിവരാവകാശ രേഖയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവുമായി വിഷയത്തില്‍ കത്തിടപാടുകള്‍ പോലും നടന്നിട്ടില്ല. തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള സര്‍ക്കാരിന്റെ വാഗ്ദാനം മാത്രമായിരുന്നു തുരങ്കപാതയെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയില്‍ പ്രചാരണ വിഷയമായിരുന്നു തുരങ്കപാത.

Content Highlight: State not applied for Environmental Clearance for Wayanad Tunnel