മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട്; ഒക്ടോബര്‍-ഡിസംബര്‍ പാദം വിലയിരുത്തിയ ശേഷം പ്രഖ്യാപനമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യം അംഗീകരിക്കാതെ മുന്നോട്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍. രണ്ട് പാദത്തിലെയും ജിഡിപി ഇടിഞ്ഞെന്ന് കേന്ദ്രം വ്യക്തമാക്കുമ്പോഴും മാന്ദ്യം പ്രഖ്യാപിക്കാന്‍ തയാറാകാത്തതാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ കണക്കുകള്‍ കൂടി വിലയിരുത്തിയ ശേഷമേ മാന്ദ്യമുണ്ടെന്ന് ഉറപ്പു വരുത്താനും ഔദ്യോഗികമായി പ്രഖാപിക്കാനും കഴിയൂവെന്നാണ് ധനകാര്യ വകുപ്പിന്റെ നിലപാട്.

തുടര്‍ച്ചയായി രണ്ട് പാദത്തില്‍ ജിഡിപിയില്‍ ഇടിവ് നേരിട്ടാല്‍ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍, സാമ്പത്തിക മാന്ദ്യമെന്ന വസ്തുത കേന്ദ്രം അംഗീകരിക്കാതെ മുന്നോട്ട് പോകുന്നതില്‍ തിരിച്ചടി നേരിടേണ്ടി വരുന്നത് സാധാരണ ജനങ്ങള്‍ക്കാണ്. മാന്ദ്യം പ്രഖ്യാപിക്കാതിരിക്കുന്നതോടെ ഇക്കാലത്ത് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.

സമ്പദ്ഘടന മാന്ദ്യത്തിലാണെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ പത്രയുടെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഔദ്യോഗികമല്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ മൊത്തം ആഭ്യന്തര ഉത്പാദനം 8.6 ശതമാനമായി ചുരുങ്ങിയിരുന്നു. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 24 ശതമാനമായു ചുരുങ്ങിയിരുന്നു. എന്നാല്‍ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ ജിഡിപി കൂടി കണക്കാക്കിയ ശേഷം മാന്ദ്യമുണ്ടെങ്കില്‍ പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് കേന്ദ്രം.

Content Highlight: Central Government not to agree Financial Crisis of the Country