ബിജു മേനോൻ, പൃഥ്വിരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൻ്റെ തെലുങ്ക് റിമേക്കിൽ അടിമുടി മാറ്റമുണ്ടാകുമെന്നാണ് റിപ്പോർട്ട്. നായകനായി താൻ മാത്രം മതിയെന്നും ക്ലെെമാക്സ് അടക്കം തിരക്കഥ പൊളിച്ചെഴുതണമെന്നും പവൻ കല്യാൺ നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം. അയ്യപ്പൻ എന്ന പൊലീസ് കഥാപാത്രത്തെയാണ് പവർസ്റ്റാർ പവൻ കല്യാൺ അവതരിപ്പിക്കുന്നത്. കോശിയുടെ കഥാപാത്രത്തെ ചുരുക്കി വെറും വില്ലനാക്കാനും തിരക്കഥയിൽ മാറ്റം വരുത്തി ക്ലെെമാക്സ് തിരുത്തിയെഴുതുവാനും നടൻ സംവിധായകൻ സാഗർചന്ദ്രയോടും നിർമാതാക്കളോടും ആവശ്യപ്പെട്ടതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
അങ്ങനയെങ്കിൽ ചിത്രത്തിൽ സെക്കൻഡ് ലീഡ് ഉണ്ടാവില്ല. കോശിയുടെ റോളിലേക്ക് നേരത്തെ നിരവധി താരങ്ങളെ പരിഗണിച്ചിരുന്നു. രവി തേജ, നിതിൻ, റാണ ദഗ്ഗുബാട്ടി എന്നിവരുടെ പേരുകൾ ഉയർന്നുവന്നിരുന്നു. പക്ഷെ ആരേയും എടുക്കാൻ പവൻ കല്യാൺ സമ്മതിച്ചില്ലെന്നാണ് റിപ്പോർട്ട്. സംവിധായകൻ സാഗർ ചന്ദ്രയായിരിക്കും തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുക. സിതാര എൻ്റർടെയിൻമെൻ്റാണ് ചിത്രം നിർമിക്കുന്നത്. 2020ൽ മലയാളത്തിൽ റിലീസ് ചെയ്ത ചിത്രം തെലുങ്കിന് പുറമേ തമിഴിലും ഹിന്ദിയിലും റീമേക്ക് ചെയ്യുന്നുണ്ട്. 50 കോടി പ്രതിഫലമാണ് ചിത്രത്തിനായി പവൻ കല്യാൺ വാങ്ങിക്കുന്നതെന്നും തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
content highlights: No place for second lead actor in Pawan Kalyan in Ayyappanum Koshiyum remake