വിവാദ പരിപാടിയിൽ മാറ്റങ്ങൾ വരുത്തി സുദർശൻ ടിവിക്ക് സംപ്രേക്ഷണം ചെയ്യാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ

Sudarshan TV Asked To

സ്വകാര്യ ടെലിവിഷൻ ചാനലായ സുദർശൻ ടിവിയുടെ വിവാദ പരിപാടി ബിന്ദാസ് ബോൽ ചില മാറ്റങ്ങൾ വരുത്തി മിതത്വം പാലിച്ച് സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കാമെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. യുപിഎസ്സി ജിഹാദ് എന്ന് പേരിട്ട് അവതരിപ്പിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും അത് സാമുദായിക മനോഭാവം വളർത്തുമെന്നും കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം കോടതിയിൽ പറഞ്ഞു. അതിനാൽ ഭാവിയിൽ അതീവ ശ്രദ്ധയോടെ സംപ്രേക്ഷണം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

ഉന്നത ഉദ്യോഗസ്ഥ തലത്തിൽ മുസ്ലീങ്ങൾ നുഴഞ്ഞു കയറുന്നുവെന്ന ആരോപണം ഉന്നയിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു യുപിഎസ്സി ജിഹാദ്. ഇതിനെതിരെ കടുത്ത വിവാദങ്ങൾ ഉയർന്നതിനെ തുടർന്ന് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിൽ വരികയും സംപ്രേക്ഷണം തടയുകയുമായിരുന്നു. യുപിഎസ്സി ജിഹാദ് എന്ന് പേരിട്ട് അവതരിപ്പിക്കുന്ന പരിപാടിയിൽ ഒരു സമുദായത്തിനെതിരെ പ്രകോപനകരമായ പരാമർശങ്ങളുണ്ടാകുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു. ചാനലിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ചുവെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് നോട്ടീസിന് നൽകുന്ന മറുപടിയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. 

അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്നതൊന്നും പരിപാടിയിൽ കാണിക്കുന്നില്ലെന്നും ഒരു പ്രത്യേക മതവിഭാഗത്തെ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് ഒരു സംഘടനയുടെ പ്രവർത്തനങ്ങളെ വെളിച്ചത്ത് കൊണ്ടുവരികയാണ് ചെയ്തതെന്നുമാണ് ചാനൽ സർക്കാരിന് നൽകിയ വിശദീകരണം.

content highlights: Sudarshan TV Asked To “Modify” Future Show Episodes: Centre To Top Court