മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത്; അന്വേഷണത്തിന് ഉത്തരവിട്ട് ജയിൽ ഡിജിപി

 Swapna Suresh voice message- jail DGP ordered an inquiry

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് നിർബന്ധിച്ചതായും രേഖപ്പെടുത്തിയ തൻ്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ലെന്നും പറയുന്ന സ്വപ്ന സുരേഷിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നു. സംഭവത്തിൽ ഇന്നു തന്നെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ദക്ഷിണ മേഖല സിഐജിയോട് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു. 

മുഖ്യമന്ത്രിയ്ക്കെതിരെ മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാമെന്നും സ്വപ്നയുടേത് എന്ന് പറയുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. ശിവശങ്കറിനൊപ്പം യുഎഇയിൽ പോയി മുഖ്യമന്ത്രിയ്ക്ക് വേണ്ടി സാമ്പത്തിക കാര്യങ്ങളിൽ വിലപേശൽ നടത്തിയെന്നാണ് തൻ്റെ മൊഴിയായി ഇഡി രേഖപ്പെടുത്തിയതെന്നാണ് അഭിഭാഷകൻ പറഞ്ഞ് അറിഞ്ഞത്. എന്നാൽ താൻ ഒരിക്കലും അങ്ങനെ ഒരു മൊഴി നൽകില്ലെന്ന് പറഞ്ഞപ്പോൾ അവർ ജയിലിൽ വരുമെന്നും സമ്മർദ്ദം ചെലുത്തുമെന്നും സന്ദേശത്തിൽ പറയുന്നു. 

സ്വപ്നയുടേതാണ് ഈ ശബ്ദസന്ദേശമെങ്കിൽ എങ്ങനെയാണ് ഇത് റിക്കോർഡ് ചെയ്തതെന്നും ആരാണ് ഇതിന് പിന്നില്ലെന്നും അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്. ജയിലിൽ സ്വപ്നയെ കാണാൻ സ്വാധീനമുള്ളവരടക്കം നിരവധി പേർ എത്തിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഈക്കാര്യം തള്ളിക്കളഞ്ഞ ഋഷിരാജ് സിംഗ് ജയിൽ ഉദ്യോഗസ്ഥരുടേയും കസ്റ്റംസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തിൽ സ്വപ്നയുടെ ഭർത്താവ്, സഹോദരൻ, അമ്മ, മക്കൾ എന്നിവർക്ക് മാത്രമാണ് കൂടികാഴ്ചയ്ക്ക് അവസരം നൽകിയതെന്ന് പറഞ്ഞിരുന്നു. ഇതിനിടയാണ് ശബ്ദസന്ദേശം പുറത്തുവരുന്നത്. 

content highlights: Swapna Suresh voice message- jail DGP ordered an inquiry