അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ; അടച്ചത് സദ്ദാം ഹുസൈന്റെ കുവൈറ്റ് അധിനിവേശ കാലത്ത്

സൗദി അറേബ്യ: സദ്ദാം ഹുസൈന്‍ കുവൈറ്റ് അധിനിവേശം നടത്തിയ കാലത്ത അടച്ച അറാര്‍ അതിര്‍ത്തി തുറന്ന് സൗദി അറേബ്യ. അധിനിവേശത്തെ തുടര്‍ന്ന് ബന്ധമവസാനിപ്പിച്ച ഇരു രാജ്യങ്ങളും നിലവില്‍ വ്യാപാര ബന്ധവും നയതന്ത്ര നീക്കങ്ങളും ലക്ഷ്യം വെച്ചാണ് അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചത്. മേഖലയില്‍ ഇറാന്റെ സാന്നിധ്യം കുറക്കുകയെന്ന ലക്ഷ്യവും മുന്നില്‍ കണ്ടാണ് സൗദിയുടെ അതിര്‍ത്തി തുറക്കല്‍.

ഇറാനുമായി 1559 കിലോ മീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യം കൂടിയാണ് ഇറാഖ്. മേഖലയില്‍ ഇറാഖുമായി ബന്ധം സ്ഥാപിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇറാന്റെ സ്വാധീനം കുറക്കാന്‍ കഴിയൂ. കഴിഞ്ഞ ദിവസം സൗദി കിരീടവകാശിയും, ഇറാഖ് ഭരണാധികാരിയും തമ്മില്‍ നടന്ന ചര്‍ച്ചക്ക് പിന്നാലെയാണ് അതിര്‍ത്തി തുറക്കാനുള്ള തീരുമാനത്തിലേക്ക് ഇരു രാജ്യങ്ങളും എത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളും ഇതിനോടകം തന്നെ ഒപ്പ് വെച്ചിട്ടുണ്ട്. ആഘോഷമായി നടന്ന അതിര്‍ത്തി തുറക്കല്‍ ചടങ്ങില്‍ സൗദിയുടെ ഇറാഖ് അംബാസിഡറും വടക്കന്‍ പ്രവിശ്യാ ഗവര്‍ണറും ഇറാഖ് ആഭ്യന്തര മന്ത്രിയും പങ്കെടുത്തിരുന്നു. അതിര്‍ത്തി തുറന്ന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായതോടെ ഇറാഖില്‍ നിന്നുള്ള വിവിധ ഉല്‍പ്പന്നങ്ങളും ഇനി സൗദിയിലേക്കെത്തും.

Content Highlight: Saudi Arabia and Iraq reopen Arar Border