ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി കേന്ദ്രം; പരിശീലനം നൽകില്ലെന്ന് ഐഎംഎ

IMA to resist Centre's move to allow Ayurveda docs to perform surgeries

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഐഎംഎ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്ന് ഐഎംഎ വ്യക്തമാക്കി. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴക്കരുതെന്നാണ് നിലപാടെന്നും ഐഎംഎ.ജനറൽ സർജറി ഉൾപെടെ 34 ശസ്ത്രക്രിയകൾ നടത്താനാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയത്.

എന്നാല്‍ വര്‍ഷങ്ങളായി ഇത്തരം ശസ്ത്രക്രിയകള്‍ ആയുര്‍വേദത്തില്‍ നടക്കുന്നുണ്ടെന്നും ഇപ്പോഴത്തെ വിജ്ഞാപനം ഇത് നിയമപരമാണെന്ന് ഉറപ്പ് വരുത്താന്‍ മാത്രമാണെന്നും സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ അറിയിച്ചു. ഇന്ത്യന്‍ മെഡിസിന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുര്‍വേദ എഡ്യുക്കേഷന്‍) റെഗുലേഷന്‍ 2016ല്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളുടെ പാഠ്യ പദ്ധതിയില്‍ സര്‍ജറിയും ഉള്‍പ്പെടുത്തുന്നത്. ഈ മാസം 19 നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

പിജി വിദ്യാർത്ഥികൾക്ക് ശല്യതന്ത്രയും(ജനറൽ സർജറി),ശാലക്യതന്ത്രയും (കണ്ണ്, ചെവി, മൂക്ക്, തൊണ്ട, തല, പല്ല് തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയ) പരിചയപ്പെടുത്തുകയും പരിശീലനം നല്‍കുകയും ചെയ്യും.ജനറല്‍ സര്‍ജറി ആധുനിക വൈദ്യ ശാസ്ത്രത്തിന്‍റെ ഭാഗമാണെന്ന് അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് പ്രസിഡന്‍റ് ഡോ. രഘുറാം പറഞ്ഞു. ചെറിയ കാലത്തെ പരിശീലനം നല്‍കി ശസ്ത്രക്രിയക്ക് അനുമതി നല്‍കുക എന്നത് രോഗികളുടെ സുരക്ഷ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights; IMA to resist Centre’s move to allow Ayurveda docs to perform surgeries