ഡൽഹി കലാപം; കുറ്റാരോപിതൻ്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

SC rejects police plea to cancel the bail granted to the man accused in Delhi violence case

ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യപേക്ഷ റദ്ദാക്കണമെന്ന പൊലീസിൻ്റെ ഹർജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഫെെസാൻ ഖാൻ എന്നയാളുടെ ജാമ്യപേക്ഷ റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മൊബെെൽ സിം വിൽപനക്കാരനായ ഫെെസാൽ ഖാൻ ആവശ്യ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ പല വിദ്യാർത്ഥികൾക്കും സിം നൽകിയെന്നായിരുന്നു ഇയാൾക്കെതിരെയുള്ള പരാതി. ഈ സിം കാർഡുകൾ വഴിയാണ് കലാപം നടത്താനുള്ള ആസുത്രണം ചെയ്തതെന്നും പൊലീസ് ആരോപിച്ചിരുന്നു.

ഓക്ടോബർ 23നായിരുന്നു ഹെെക്കോടതി ഫെെസാൽ ഖാന് ജാമ്യം അനുവദിച്ചത്. പ്രതിഷേധങ്ങളിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ പൊലീസിന് കഴിയാത്തതിനെ തുടർന്നാണ് ഇയാൾക്ക് ജാമ്യം അനുവദിച്ചത്. വിറ്റ സിം കാർഡുകൾ പ്രതിഷേധം സംഘടിപ്പിക്കാനായാണ് ഉപയോഗിക്കപ്പെടുക എന്ന് കൃത്യമായി ഫെെസാൽ ഖാന് അറിയാമായിരുന്നെന്ന് അന്വേഷണ സംഘം തെളിയിച്ചാൽ മാത്രമെ യുഎപിഎ ചുമത്താൻ കഴിയുകയുള്ളുവെന്ന് കോടതി പറഞ്ഞു.  

ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി ആസിഫ് ഇക്ബാലുമായി ചേർന്ന് ഫെെസാൻ ഖാൻ നിയമവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു പൊലീസ് കുറ്റപത്രത്തിൽ പറഞ്ഞിരുന്നത്. ഫെെെസാൽ ഖാൻ വിറ്റ സിം കാർഡിൽ ഒരെണ്ണം സഫൂറ സർഗാർ ഉപയോഗിച്ചിരുന്നുവെന്നും ഈ നമ്പർ ഉപയോഗിച്ചാണ് സഫൂറ സർഗാർ മുസ്ലീങ്ങളെ സംഘടിപ്പിച്ച് കലാപം നടത്തിയതെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു.  

content highlights: SC rejects police plea to cancel the bail granted to the man accused in Delhi violence case