മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്റെ ഗവേഷണ ബിരുദം ചട്ടപ്രകാരം തന്നെയെന്ന് കേരള സര്‍വകലാശാല. ജലീല്‍ സമര്‍പ്പിച്ച പിഎച്ച്ഡി പ്രബന്ധത്തില്‍ ജലീലിന്റേതായ സംഭാവനകള്‍ ഒന്നുമില്ലെന്ന ആരോപണത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കൈമാറിയ പരാതിയിലാണ് അന്വേഷണം നടന്നത്. 2006 ലായിരുന്നു കെ ടി ജലീല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി ബിരുദം നേടിയത്.

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റിയാണ് ജലീലിന്റെ പിഎച്ച്ഡി ബിരുദത്തിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. മലബാര്‍ കലാപത്തില്‍ ആലി മുസ്ല്യാര്‍ക്കും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കുമുള്ള പങ്കിനെ കുറിച്ചായിരുന്നു കെ ടി ജലീലിന്റെ പ്രബന്ധം. എന്നാല്‍ പ്രബന്ധത്തില്‍ ഉദ്ധരണികള്‍ മാത്രമാണെന്നും ജലീലിന്റേതായി സംഭാവനകള്‍ ഒന്നുമില്ലെന്നായിരുന്നു പരാതിക്കാര്‍ ആരോപിച്ചത്.

അടുത്തിടെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രബന്ധവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. വിവരാവകാശ നിയമപ്രകാരം പ്രബന്ധം പരിശോധിച്ച് വിദഗ്ധ സമിതിയെ കൊണ്ട് പഠിച്ച ശേഷമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. കേരള സര്‍വകാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കൈമാറിയ പരാചതിയില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് പ്രബന്ധം ചട്ടപ്രകാരമാണെന്ന് സര്‍വകലാശാല അറിയിച്ചത്.

Content Highlight: Kerala University says Minister KT Jaleel’s research degree is legal