ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ കരട് നയങ്ങള്‍ക്കെതിരെ ‘ദില്ലി ചലോ’ മാര്‍ച്ചുമായി കര്‍ഷകര്‍. കടുത്ത തണുപ്പിനെ വകവെയ്ക്കാതെ ഹരിയാനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ ജലപീരങ്കി പ്രയോഗിച്ചാണ് പൊലീസ് നേരിട്ടത്. ബാരിക്കേഡുകള്‍ മറിച്ചു കടന്ന് കര്‍ഷകര്‍ അംബാലയില്‍ നിന്ന് കുരുക്ഷേത്രയില്‍ എത്തിയപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
#WATCH Farmers' protest continues at Shambhu border, near Ambala (Haryana) as police stop them from proceeding to Delhi pic.twitter.com/UtssadGKpU
— ANI (@ANI) November 26, 2020
കുരുക്ഷേത്രയില്‍ നിന്ന് കര്‍ഷകരുടെ സംഘം കര്‍ണാലിലെത്തി. കര്‍ഷകരുടെ മറ്റൊരു സംഘം ഇതിനകം സോനിപതിലേക്ക് മാര്‍ച്ച് നടക്കുന്നുണ്ട്. ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രതിഷേധിക്കാന്‍ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ പ്രതിഷേധത്തിന് അനുമതി നല്‍കാനാവില്ലെന്നാണ് ഡല്‍ഹി പൊലീസ് അറിയിച്ചത്. വിലക്ക് ലംഘിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, കാര്‍ഷിക നിയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് പകരം അവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചു. കൊടുംതണുപ്പില്‍ സമരം ചെയ്യുന്നവര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കര്‍ഷകരില്‍ നിന്ന് എല്ലാം കവര്‍ന്നെടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ഷകരില്‍ നിന്ന് താങ്ങുവില കവര്‍ന്നു. ബാങ്കുകളും വിമാനത്താവളങ്ങളും റെയില്‍വേയുമെല്ലാം കുത്തകകള്‍ക്ക് നല്‍കുകയാണ്. കുത്തകകളുടെ കടങ്ങള്‍ എഴുതിത്തള്ളുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
Content Highlight: farmers Protest continue in Delhi Chalo March