സി എം രവീന്ദ്രന് വീണ്ടും നോട്ടീസയക്കാന്‍ ഇഡി; ഡിസംബര്‍ നാലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മൂന്നാമതും നോട്ടീസ് അയക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദ്യ തവണ കൊവിഡ് ബാധിതനായിരുന്നതിനാല്‍ ഹാജരാവാനാകില്ലെന്ന് അദ്ദേഹം അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന ആശുപത്രി വിട്ട ശേഷം വെള്ളിയാഴ്ച്ച ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതും സാധ്യമാകാതെ വന്നതോടെയാണ് മൂന്നാമതും ഇഡി നോട്ടീസ് അയച്ചത്.

തിങ്കളാഴ്ച്ച ഹാജരാകുന്നത് സംബന്ധിച്ച് രവീന്ദ്രന് നോട്ടീസ് നല്‍കും. ഡിസംബര്‍ നാലിന് ഹാജരാകാനാണ് പുതിയ നിര്‍ദ്ദേശം. വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ രവീന്ദ്രന് ബിനാമി നിക്ഷേപമുണ്ടന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ചില ജ്വല്ലറികളില്‍ പങ്കാളിത്തമുണ്ടന്ന സംശയവും എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനുണ്ട്. രവീന്ദ്രനുമായി അടുത്ത ബന്ധമുള്ള വടകര സ്വദേശിയായ ചന്ദ്രന് നിക്ഷേപമുണ്ടന്ന് കരുതുന്ന ഹോം അപ്ലൈയന്‍സസ് സ്ഥാപനത്തിലടക്കം ഇന്നലെ ഇ.ഡി പരിശോധനകള്‍ നടത്തിയിരുന്നു.

കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷം രവീന്ദ്രനെ ചോദ്യം ചെയ്യാനാണ് നീക്കമെന്നായിരുന്നു സൂചന. അതേസമയം, ശിവശങ്കറിന് പിന്നാലെ രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള കേന്ദ്ര ഏജന്‍സിയുടെ നീക്കത്തെ സംശയത്തോടെയാണ് സിപിഎം നോക്കിക്കാണുന്നത്. അതു കൊണ്ട് തന്നെ സംഭവത്തില്‍ എടുത്തു ചാടിയുള്ള പ്രതികരണം വേണ്ടെന്ന നിലപാടിലാണ് നേതാക്കള്‍. കേന്ദ്ര ഏജന്‍സിയുടെ നീക്കം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Content Highlight: ED to send Notice to C M Raveendran