സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ തുറന്നു കാണിക്കുന്നു; വി മുരളീധരന്‍

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി തന്നെ തുറന്ന് കാണിക്കപ്പെട്ടിരിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ സംസ്ഥാന വിജിലന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വകുപ്പ് നടത്തുന്ന അന്വേഷണത്തിനെതിരെ ധനമന്ത്രി രംഗത്ത് വന്നത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി ധനമന്ത്രിയെ പുറത്താക്കണമെന്നും വിജിലന്‍സ് അന്വേഷണം തുടരണമെന്നും വി മുരളീധരന്‍ പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കേന്ദ്രം ശ്രമിക്കുന്നു എന്ന രാഷ്ട്രീയ ആരോപണം ഇനി നിലനില്‍ക്കില്ല. കെഎസ്എഫ്ഇ വിഷയത്തില്‍ ഇഡി അന്വേഷണം നടത്തുമോ എന്ന ചോദ്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായതിനാല്‍ മറുപടി പറയാനില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

ഗുരുതര ക്രമക്കേടുകള്‍ ചൂണ്ടികാട്ടിയാണ് സംസ്ഥാനത്തെ എഎസ്എഫ്ഇ ഒഫീസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ചിട്ടികളില്‍ ആളുകളുടെ എണ്ണം പെരുപ്പിച്ച് കാട്ടി ചില മാനേജര്‍മാര്‍ തട്ടിപ്പ് നടത്തിയതായി റെയ്ഡില്‍ കണ്ടെത്തി. 4 കെഎസ്എഫ്ഇ ഓഫീസില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം കൃത്യമായ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് അറിയിച്ചു.

Content Highlight: Vigilance deserves congratulations; V Muraleedharan