സി എം രവീന്ദ്രനുമായി ബന്ധമെന്ന് സൂചന; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ആസ്ഥാനത്ത് ഇഡി റെയ്ഡ്

വടകര: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വടകരയിലെ വിവിധ സ്ഥാപനങ്ങളില്‍ ബിനാമി നിക്ഷേപമുണ്ടെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തലിന് പിന്നാലെ ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രണ്ടര മണിക്കൂരോളം ഓഫീസില്‍ പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. സി എം രവീന്ദ്രനുമായി സൊസൈറ്റിക് സാമ്പത്തിക ബന്ധമുണ്ടോയെന്നാണ് ഇഡി പ്രധാനമായും അന്വേഷിച്ചത്.

എന്നാല്‍ രവീന്ദ്രനു സൊസൈറ്റിയുമായി ബന്ധമില്ലെന്ന മറുപടിയാണ് ഭാരവാഹികളില്‍ നിന്ന് ലഭിച്ചത്. ആവശ്യമെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ കൈമാറാനും നിര്‍ദ്ദേശമുണ്ട്. സിഎം രവീന്ദ്രനുമായി ബന്ധപ്പെട്ട് 6 സ്ഥാപനങ്ങളിലാണ് ഇഡി പരിശോധന നടത്തിയത്. എന്നാല്‍ ഒരിടത്തും പ്രത്യക്ഷമായ നിക്ഷേപങ്ങളോ സാമ്പത്തിക ബന്ധമുള്ളതായോ കണ്ടെത്താനായിട്ടില്ല.

അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ മൂന്നാം തവണയും ഇഡി നോട്ടീസ് അയച്ചു. ഡിസെബര്‍ നാലിന് ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

Content Highlight: Raid on Uralungal Labour Society against C M Raveendran