കോവിഷീൽഡ് വാക്സിൻ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ 100 കോടിയുടെ മാനനഷ്ടകേസുമായി സെറം ഇൻസ്റ്റിറ്റ്യൂട്ട്

Serum Institute Files 100-Crore Case After Man Says Vaccine Left Him Ill

കൊവിഷീൽഡ് വാക്സിൻ പരീക്ഷണം നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെതിരെ മാനനഷ്ട്ര കേസ് ഫയൽ ചെയ്ത് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ പരീക്ഷണത്തിൽ പങ്കെടുത്ത തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ചെന്നെെ സ്വദേശി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ നടപടി.

ചെന്നെെയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്ന് ഒക്ടോബർ ഒന്നിനാണ് യുവാവ് വാക്സിൻ സ്വീകരിക്കുന്നത്. പിന്നാലെ നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മാനസികവുമായ പ്രശ്നങ്ങൾ തനിക്കുണ്ടായെന്നും ചൂണ്ടിക്കാട്ടി 5 കോടി നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 40കാരനായ ബിസിനസ് കൺസൾട്ടൻ്റ് രംഗത്തുവരികയായിരുന്നു. കോവീഷീൽഡ് വാക്സിൻ്റെ നിർമാണവും വിതരണവും നിർത്തിവെയ്ക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇയാളുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പ്രതികരിച്ചു. പരാതിക്കാരന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത് വാക്സിൻ സ്വീകരിച്ചതുകൊണ്ടാണെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നും അധികൃതർ വ്യക്തമാക്കി. 

ലോകപ്രശസ്തമായ കമ്പനിയിൽ നിന്ന് പണം തട്ടിയെടുക്കാനാണ് പരാതിക്കാൻ ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു. പരാതിക്കാരൻ്റെ ആരോഗ്യപ്രശ്നങ്ങളും വാക്സിൻ പരീക്ഷണവും തമ്മിൽ ബന്ധമില്ലെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് ഐസിഎംആറും അറിയിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി, ആസ്ട്ര സെനെക്ക എന്നിവ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീൽഡ്. 

content highlights: Serum Institute Files 100-Crore Case After Man Says Vaccine Left Him Ill