‘പ്രതിഷേധിക്കാന്‍ രാജ്യത്തെ ഓരോ പൗരനും അവകാശമുണ്ട്’; കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി അഭിഭാഷകര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സുപ്രീംകോടതി അഭിഭാഷകര്‍. രാജ്യത്തെ ഓരോ പൗരനും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. ഡല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ്‌ല, എച്ച്.എസ് ഫൂല്‍ക്ക തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഐക്യദാര്‍ഢ്യം.

പാര്‍ട്ടി നോക്കി പ്രതിഷേധത്തെ അളക്കുന്നത് നിരുത്തരവാദിത്തപരമായ സമീപനമാണെന്ന് എസ്എച്ച് ഫൂല്‍ക്ക ചൂണ്ടികാട്ടി. അവര്‍ കര്‍ഷകരാണെന്നും പാര്‍ട്ടി നോക്കിയല്ല പ്രതിഷേധത്തെ അളക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരോട് ഹരിയാന സര്‍ക്കാര്‍ ചെയ്തത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തങ്ങളുടെ പ്രഥമ പരിഗണന നീതി ഉറപ്പു വരുത്തുന്നതിലാണെന്ന് കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജീവ് ഖോസ്‌ല പറഞ്ഞു. സര്‍ക്കാര്‍ നീതി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമേ അവര്‍ നീതി നല്‍കൂവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭൂമി അധികാരമുള്ളവരുടെ കൈയിലെത്തുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം വിലയിരുത്തി.

അതേസമയം, കര്‍ഷകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതാണ് പുതുക്കിയ കാര്‍ഷിക നിയമമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്‍ കി ബാത്തിലൂടെ പറഞ്ഞത്. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ സമരം തുടര്‍ച്ചയായ അഞ്ചാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. സമര സ്ഥലം മാറ്റിയാല്‍ ഒത്തു തീര്‍പ്പിന് തയാറാകാമെന്ന അമിത് ഷായുടെ വ്യവസ്ഥ സമരക്കാര്‍ തള്ളിയിരുന്നു. ഉപാദി വെച്ചുള്ള ചര്‍ച്ചക്ക് തയാറല്ലെന്ന് പറഞ്ഞ സമരക്കാര്‍, കേന്ദ്രത്തെ അതിര്‍ത്തിയിലെ സമര വേദിയിലേക്കാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്.

Content Highlight: Supreme Court Lawyers supporting Farmers Protest