ന്യൂഡല്‍ഹി: മാധ്യമ പ്രവര്ത്തകന് സിദ്ധിഖ് കാപ്പനെ അന്യായമായി അറസ്റ്റ് ചെയ്ത യുപി പൊലീസിന്റെ നടപടിക്കെതിരെ കേരള പത്ര പ്രവര്‍ത്തക യൂണിയന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഒരാഴ്ച്ചത്തേക്ക് കൂടി നീട്ടി കോടതി. ക്രിമിനല്‍ കേസിലെ പ്രതിക്ക് ജാമ്യം ആവശ്യപ്പെട്ട് ഒരു അസോസിയേഷന് കോടതിയെ സമീപിക്കാനാവുമോയെന്ന് കോടതി പത്രപ്രവര്‍ത്തക യൂണിയനോട് ചോദിച്ചു. അസാധാരണ സാഹചര്യത്തില്‍ അതിന് സാധിക്കുമെന്ന് യൂണിയന്റെ അഭിഭാഷകന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
വാദത്തിനിടെ വിചാരണ കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നല്കിയ സുപ്രീംകോടതി വിധി കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഓരോ കേസിലും വ്യത്യസ്ത സാഹചര്യമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേയുടെ മറുപടി.
എന്നാല്‍, അന്വേഷണത്തില്‍ കാപ്പനെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നതെന്നാണ് യുപി പൊലീസിന്റെ ഭാഗം. സിദ്ധിഖ് കാപ്പനെതിരെയുള്ള യുപി പൊലീസിന്റെ നടപടിയെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണവും യൂണിയന് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ യുപി പൊലീസിന് മറുപടി പറയാന്‍ സമയം അനുവദിച്ചാണ് ഒരാഴ്ച്ചത്തേക്ക് കൂടി കേസ് നീട്ടിയത്.
Content Highlight: Siddique Kappan bail plea again postponed by Supreme Court