കശുവണ്ടി വികസന കോര്‍പ്പരേഷനില്‍ നടന്നത് വന്‍ അഴിമതി; തെളിവുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സിബിഐ

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്നത് വന്‍ അഴിമതിയെന്ന് ഹൈക്കോടതിയില്‍ വാദിച്ച് സിബിഐ. തെളിവുകലും സാക്ഷി മൊഴികളും സമര്‍പ്പിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് സിബിഐ ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

മുന്‍ എം ഡി കെ എ രതീഷും, മുന്‍ ചെയര്‍മാന്‍ ആര്‍ ചന്ദ്ര ശേഖറും അടക്കമുള്ളവര്‍ അഴിമതിക്കായി ഗൂഡാലോചന നടത്തിയതായി സിബിഐ കോടതിയില്‍ പറഞ്ഞു. അഴിമതി സംബന്ധിച്ച കണ്ടെത്തലുകളെ സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് തെറ്റായി വ്യാഖ്യാനിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞതെന്നും സിബിഐ ചൂണ്ടികാട്ടി.

500 കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്ന സിബിഐ കണ്ടെത്തലിനെ തുടര്‍ന്നാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയില്ലെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സിബിഐയുടെ തീരുമാനം.

Content Highlight: CBI to continue with Cashew Development Corporation case