കൊവിഡ് വാക്‌സിനെ കുറിച്ച് കേന്ദ്ര നേതൃത്വങ്ങള്‍ക്ക് പല അഭിപ്രായം; പ്രധാനമന്ത്രി ഏത് നിലപാടിനൊപ്പം? കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ബിജെപിക്കും വിവിധ അഭിപ്രായങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രസ്താവനക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

മൂന്ന് കൂട്ടരും കൊവിഡ് വാക്‌സിനെ കുറിച്ച് വിവിധ അഭിപ്രായമാണ് പറയുന്നതെന്നും പ്രധാനമന്ത്രി ഇതില്‍ ഏത് നിലപാടിനൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു. ‘പ്രധാനമന്ത്രി പറഞ്ഞു എല്ലാവര്‍ക്കും വാക്‌സീന്‍ ലഭ്യമാക്കുമെന്ന്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപി പറഞ്ഞു ബിഹാറിലെ എല്ലാവര്‍ക്കും സൗജന്യ വാക്‌സീന്‍ ലഭ്യമാക്കുമെന്ന്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്‌സീന്‍ നല്‍കുമെന്നു പറഞ്ഞിട്ടില്ലെന്ന്. യഥാര്‍ഥത്തില്‍ ഏതു അഭിപ്രായത്തിനൊപ്പമാണ് പ്രധാനമന്ത്രി നിലകൊള്ളുന്നത്? എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേവരുടെ മുന്‍ഗണന പട്ടിക നേരത്തെ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയാറാക്കിയിരുന്നു. എന്നാല്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും, രാജ്യത്തെ മുഴുവന്‍ ആഴുകളും വാക്‌സിന്‍ സ്വീകരിക്കണമെന്ന കാഴ്ച്ചപ്പാട് കേന്ദ്രത്തിനില്ലെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗം വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ തന്നെ വൈറസ് വ്യാപനം തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം വിശദീകരിച്ചിരുന്നു.

Content Highlight: “Exactly What Does PM Stand By?”: Rahul Gandhi’s Dig On 3 Vaccine Quotes