സി.എം. രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്; പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഇതേവരെ ഹാജരാകാത്ത മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം. പത്താം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രവീന്ദ്രന് നോട്ടീസ് അയച്ചു.

സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ അറസ്റ്റിലായതോടെയാണ് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാനായി രവീന്ദ്രനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയപ്പോള്‍ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാലും രണ്ടാം തവണ കൊവിഡാനന്തര ചികിത്സക്കായി ആശുപത്രിയില്‍ പ്രവോശിപ്പിച്ചതിനാലും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ സി.എം. രവീന്ദ്രന് വിവിധ സ്ഥാപനങ്ങളില്‍ സാമ്പത്തിക ഇടപാടുണ്ടെന്ന സൂചന ലഭിച്ചതോടെ എന്‍ഫോഴ്‌സ്‌മെന്റ് വടകര ഊരാളുങ്കല്‍ സൊസൈറ്റി ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. കൂടാതെ രവീന്ദ്രന്റെ ഭാര്യയുടെ സ്വത്ത് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷന്‍ വകുപ്പിനു നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ രജിസ്ട്രാര്‍ ജനറല്‍മാരോടാണ് അടിയന്തിര വിവരങ്ങള്‍ തേടിയിരിക്കുന്നത്.

Content Highlight: ED send Notice to C.M. Raveendran for the third time