കാർഷിക നിയമത്തിലെ മൂന്ന് വകുപ്പുകളും ഭേദഗതി ചെയ്യാമെന്ന് കേന്ദ്രം, എന്നാൽ പിൻവലിക്കണമെന്ന് കർഷകർ; ഡിസംബർ 5ന് വീണ്ടും ചർച്ച

farmers protest; center open to amending 3 key sections of farm law

കാർഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന കർഷകരുമായി കേന്ദ്ര സർക്കാർ വ്യാഴാഴ്ച നടത്തിയ ചർച്ച പൂർണ പരാജയമായിരുന്നു. 35ഓളം കർഷക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത ചർച്ചയിൽ കാർഷിക നിയമത്തിലെ പ്രധാനപ്പെട്ട 3 വകുപ്പുകൾ ഭേദഗതി ചെയ്യാമെന്നാണ് സർക്കാർ കർഷകരോട് പറഞ്ഞത്. എന്നാൽ ഭേദഗതിയല്ല വേണ്ടത്, നിയമം പിൻവലിക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന് കർഷകർ പറഞ്ഞു. തുടർ ചർച്ച ഡിസംബർ അഞ്ചിന് നടത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

നിയമം പിൻവലിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർഷക സംഘടനകൾ അറിയിച്ചു. കൃത്യമായ ഉത്തരം നൽകിയില്ലെങ്കിൽ ശനിയാഴ്ച നടക്കുന്ന ചർച്ചയിൽ പങ്കെടുക്കില്ലെന്നും കർഷകർ വ്യക്തമാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചയാണ് വ്യാഴ്യാഴ്ച നടന്നത്. നിയമങ്ങൾ പിൻവലിക്കണമെന്നും പ്രശ്നം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെൻ്റ് യോഗം വിളിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ കർഷകർ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് കർഷകരുടെ തീരുമാനം. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കർഷകർ കൂടുതൽ എത്തികൊണ്ടിരിക്കുകയാണ്. 

content highlights: farmers protest; center open to amending 3 key sections of farm law