രാഹുലിന്റെ നേതൃപാടവത്തിന് സ്ഥിരതയില്ല; വിമര്‍ശനവുമായി ശരദ് പവാര്‍

പൂനെ: രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തിന് സ്ഥിരതയില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ഏത് പാര്‍ട്ടിയുടെയും നേതൃത്വം എന്നത് അവര്‍ക്ക് ആ പാര്‍ട്ടിക്കുള്ളില്‍ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും പവാര്‍ പറഞ്ഞു. മറാത്തി ദിനപത്രമായി ലോക്മത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ വളര്‍ച്ചക്ക് ഏതെങ്കിലും തരത്തില്‍ പ്രതിബന്ധമാണോയെന്ന ചോദ്യത്തിനായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ പവാറിന്റെ വിമര്‍ശനം. മഹാരാഷ്ട്രയുടെ മാതൃകയില്‍ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നില്ലെന്നും പവാര്‍ ആരോപിച്ചു. നേതാവ് എന്ന രീതിയില്‍ രാഹുല്‍ ഗാന്ധിക്ക് സ്ഥിരതയില്ലാത്തതാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്‌സഭ തെരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും കോണ്‍ഗ്രസിന് കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ തന്നെ നിരവധി നേതാക്കള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനം രാജി വെച്ച് കുടുംബത്തിന് പുറത്ത് നിന്നൊരാളെ അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലപ്പെടുത്തണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം അധികാരത്തിലേറി ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ തീരുമാനം. ഇതിനിടെ പവാറിന്റെ ആരോപണത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പ്രതിപക്ഷ നിരയില്‍ ഏറ്റവും സ്ഥിരതയോടെ നിലകൊള്ളുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും സച്ചിന്‍ സാവന്ത് പ്രതികരിച്ചു.

Content Highlight: NCP Leader Sharad Pawar against Rahul Gandhi