ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടനെ വാക്‌സിന്‍ വിതരണത്തിന് തയാറെയടുക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി വാക്‌സിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയിച്ചത്.
വാക്‌സിനില്‍ ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല വിശ്വാസമുണ്ടെന്നും കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിലകുറഞ്ഞ സുരക്ഷിതമായ വാക്‌സിന്‍ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കുമെന്നും മോദി അറിയിച്ചു. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുന്നതായും വാക്‌സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, വാക്‌സിന്‍ എല്ലാവരും സ്വീകരിക്കണമെന്ന നിര്‍ബന്ധം കേന്ദ്ര സര്‍ക്കാരിനില്ലെന്നും ആരേയും നിര്‍ബന്ധിച്ച് വാക്‌സിന്‍ സ്വീകരിപ്പിക്കില്ലെന്നും നേരത്തെ കേന്ദ്രം പറഞ്ഞത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗം കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതോടെ വൈറസിനെ ചെറുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പറഞ്ഞിരുന്നു.
ബിജെപി നേതൃത്വവും, കേന്ദ്ര സര്‍ക്കാരും, പ്രധാനമന്ത്രിയും വാക്‌സിനുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളതെന്നും പ്രധാനമന്ത്രി ഇതില്‍ ഏത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlight: PM Modi on Covid Vaccine distribution