തിരുവനന്തപുരം: വന്‍ ദുരന്തം വിതക്കുമെന്ന് പ്രവചിച്ച ബുറെവി ചുഴലിക്കാറ്റ് ശനിയാഴ്ച്ചയോടെ ദുര്‍ബലമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മണിക്കൂറില്‍ 70 കിലോ മീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞ ചുഴലിക്കാറ്റാണ് നിലവില്‍ തീവ്രത കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയത്. തമിഴ്‌നാട്ടില്‍ തുടരുന്ന കനത്ത മഴയില്‍ മരണം ഒമ്പതായി.
തമിഴ്‌നാട്ടില്‍ അതിശക്തമായ മഴ പെയ്‌തെങ്കിലും കേരളത്തില്‍ പ്രതീക്ഷിച്ച പോലെ കാറ്റുണ്ടായില്ല. രാത്രി തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പെയ്‌തെങ്കിലും വലിയ ആശങ്കയൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സംസ്ഥാനം. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയുമാണ്.
കേരളത്തില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദ്ദേശം. തമിഴ്‌നാട്ടില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒറ്റപ്പെട്ടതോ അതി ശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. അതേസമയം, മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരാനാണ് സര്‍ക്കാര്‍ തീരുമാനം.
Content Highlight: Burevi weakened; 9 deaths in Tamil Nadu; Relief for Kerala