കര്‍ഷക-കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച: കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ തുടരുന്ന പ്രതിഷേധം പത്താം ദിവസത്തിലെത്തി നില്‍ക്കെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അറിയിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അഞ്ചാം വട്ട ചര്‍ച്ച ആരംഭിച്ചു. കഴിഞ്ഞ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ആവശ്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പിന്നാലെ അംഗീകരിച്ച ആവശ്യങ്ങള്‍ കേന്ദ്രം എഴുതി നല്‍കി.

പ്രധാനമന്ത്രിയും കൃഷിമന്ത്രിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ എന്ത് തീരുമാനമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് കര്‍ഷക പ്രതിനിധികള്‍ ചോദിച്ചു. ചര്‍ച്ച അധികം നീട്ടേണ്ടതില്ലെന്നും തീരുമാനം വ്യക്തമാക്കണമെന്നും കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അഞ്ചാംവട്ട ചര്‍ച്ചക്കെത്തിയ കര്‍ഷക സംഘടന നേതാക്കള്‍ കഴിഞ്ഞ തവണത്തേതു പോലെ തന്നെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളില്‍ നിന്ന് ഭക്ഷണം സ്വീകരിക്കാതെ സ്വന്തമായി തന്നെ ഭക്ഷണം കൊണ്ടു വരികയായിരുന്നു.

അതേസമയം, കര്‍ഷക സമരത്തില്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മധ്യപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി-ആഗ്ര ദേശീയ പാത ഉപരോധിക്കുകയാണ്. മറ്റൊരു സംഘം കര്‍ഷകരെ ഉത്തര്‍പ്രദേശ് പൊലീസ് മധുരയില്‍ തടഞ്ഞു.

Content Highlight: Union Government gave written promise to farmers on some demands