കർഷക പ്രതിഷേധത്തിന്റെ ഭാഗമായ ഭാരത് ബന്ദിനെ പിന്തുണച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ചും വിമർശിച്ചും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രംഗത്ത്. വടക്കൻ ഗുജറാത്തിലെ മെഹ്സാനയിൽ ജലവിതരണ പദ്ധതിയുടേയും മലിനജല സംസ്കരണ പ്ലാന്റിന്റേയും ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.
‘രാജ്യത്തെ ജനങ്ങൾ അവരെ തള്ളിക്കളഞ്ഞപ്പോൾ കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും കർഷകരുടെ പേരിൽ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുകയാണ്. ഇവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്’ രൂപാണി പറഞ്ഞു. സാധിക്കുമെങ്കിൽ ഉലുവയും മല്ലിയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പറയൂ എന്നും രൂപാണി രാഹുലിനെ പരിഹസിച്ചു.
കോൺഗ്രസ് ഇപ്പോൾ എതിർക്കുന്ന കാർഷിക നിയമത്തിലെ നിബന്ധനകൾ 2019 ലെ അവരുടെ ലോക്സഭ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഉൾപെട്ടിരുന്നവ ആണെന്നും രൂപാണി പറഞ്ഞു. വർഷങ്ങളായി പരിഹരിക്കാതെ കിടന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.
Content Highlights; Gujarat chief minister Vijay Rupani challenges Rahul Gandhi