ജയിലിൽ ജീവനു ഭീഷണിയുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ജയിൽ ഡിജിപി ഋഷിരാജ് സിങ്ങാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ദക്ഷിണമേഖല ജയിൽ ഡിഐജിക്കാണ് അന്വേഷണ ചുമതല. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. തനിക്കും തൻ്റെ കുടുംബാംഗങ്ങൾക്കും ജീവന് ഭീഷണിയുണ്ടെന്നാണ് സ്വപ്ന കോടതിയെ അറിയിച്ചത്. കസ്റ്റഡി കാലാവധി അവസാനിച്ച് അട്ടക്കുളങ്ങര ജയിലിലേക്ക് പോകേണ്ട സാഹചര്യത്തിലാണ് ജീവന് ഭീഷണിയെന്ന പരാതിയുമായി സ്വപ്ന കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി സ്വപ്നയ്ക്ക് സംരക്ഷണം നൽകാമെന്ന് നിർദേശിച്ചു.
അതേസമയം സ്വപ്ന സുരേഷിനെ ജയിലിൽ ഭീഷണിപ്പെടുത്തിയത് പൊലീസുകാരും ജയിൽ ഉദ്യോഗസ്ഥരുമാണെന്ന് കസ്റ്റംസ് പറയുന്നു. രാഷ്ട്രീയക്കാരുടെ പേര് പറയാതിരിക്കാനാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തൽ. എന്നാൽ ജയിലിലെത്തി ആരും സ്വപ്നയെ ഭീഷണിപ്പെടുത്താൻ സാധ്യതയില്ലെന്നാണ് ജയിൽ അധികൃതരുടെ നിലപാട്. ജയിലിൽ 24 മണിക്കൂറും സിസിടിവി ക്യാമറ നിരീക്ഷണത്തിലുണ്ട്. സ്വപ്നയ്ക്കു നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും ജയില്‍ വകുപ്പ് തീരുമാനിച്ചു.
content highlights: Jail DIG will investigate the incident of threatening Swapna Suresh