‘പനിനീരു കൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നത്’; കര്‍ഷക സമരത്തെ അനുകൂലിച്ച് സിദ്ദു

അമൃത്സര്‍: പനിനീര് കൊണ്ടല്ല, ചോരയും വിയര്‍പ്പും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങളുണ്ടാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിങ് സിദ്ദു. കാര്‍ഷിക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്ത പോസ്റ്റിലാണ് സിദ്ദുവിന്റെ വാക്കുകള്‍. പ്രയോജന ശൂന്യമായ നിമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലിയാണെന്നും സിദ്ദു ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷക സമരം കൊണ്ട് ജാതിക്കും വര്‍ണ്ണത്തിനും കുലത്തിനും അതീതമായി രാജ്യത്തെ ഒന്നടങ്കം ഒരുമിപ്പിക്കാന്‍ കര്‍ഷക സമരത്ിന് സാധിച്ചതായി സിദ്ദു കൂട്ടിച്ചേര്‍ത്തു. അനുകരണീയമായ പ്രതിഷേധ സമരം നേരിനും നീതിക്കും വേണ്ടി പോരാടുന്ന ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീര്‍ച്ചയായും ഭേദഗതി വരുത്തണമെന്നും സിദ്ദു ആവശ്യപ്പെട്ടു.

രാജ്യത്തെ ചില വ്യവസായ പ്രമുഖന്മാര്‍ക്ക് വേണ്ടി പഞ്ചാബിലെ രണ്ട് കോടി കര്‍ഷകരുടെ ഉപജീവനം കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും സിദ്ദു കുറ്റപ്പെടുത്തി.

അതേസമയം, കേന്ദ്ര സര്‍ക്കാരുമായി കര്‍ഷകര്‍ നടത്താനിരുന്ന ആറാംവട്ട ചര്‍ച്ച റദ്ദാക്കി. കേന്ദ്രം അയക്കുന്ന ഡ്രാഫ്റ്റിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം കാര്യങ്ങള്‍ കൂടുതല്‍ വിശദമാക്കാമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. സിംഘു അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രതിഷേധം ഇന്ന് 14-ാം ദിവസത്തിലേക്ക് കടന്നു.

Content Highlight: Navjot Singh Sidhu in support with Farmers protest