ന്യൂഡല്‍ഹി: പതിനഞ്ചാം ദിവസവും ഡല്‍ഹി അതിര്‍ത്തികള്‍ സ്തംഭിപ്പിച്ച് കര്‍ഷക പ്രക്ഷോഭം തുടരുന്നു. ഡല്‍ഹി – ഹരിയാന അതിര്‍ത്തികളില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് ഡല്‍ഹി നഗരത്തില്‍ ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ തിക്രിയിലും ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂര്‍, നോയിഡ ,ഗുരുഗ്രാം എന്നിവിടങ്ങളിലും കര്‍ഷകരുടെ സമരം തുടരുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളിതോടെ, കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തികളില്‍ എത്തി. ബദര്‍പുര്‍ അതിര്‍ത്തിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
അതേസമയം, ഡിസംബര്‍ 14-ന് രാജ്യവ്യാപക പ്രക്ഷോഭത്തിനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തമാക്കാന്‍ തീരുമാനിച്ചതായി കര്‍ഷകനേതാവ് ദര്‍ശന്‍പാല്‍ സിങ് മാധ്യമങ്ങളെ അറിയിച്ചു. തലസ്ഥാനം കൂടുതല്‍ സ്തംഭിപ്പിക്കുന്ന പ്രക്ഷോഭങ്ങളിലേക്കാണ് സമരക്കാര്‍ നീങ്ങുന്നത്. ശനിയാഴ്ച ഡല്‍ഹി-ജെയ്പുര്‍ ദേശീയപാതയും ആഗ്ര-ഡല്‍ഹി എക്സ്പ്രസ് പാതയും ഉപരോധിക്കുമെന്നും സമരക്കാര്‍ പ്രഖ്യാപിച്ചു. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹിയിലെ റോഡുകള്‍ ഒന്നിനുപിറകെ ഒന്നായി ഉപരോധിക്കുമെന്നും മുന്നറിയിപ്പു നല്‍കി.
Content Highlight: Farmers protest continues