പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ല; സമര രൂപം മാറ്റാന്‍ കര്‍ഷകര്‍; നാളെ മുതല്‍ അനിശ്ചിതകാല ട്രയിന്‍ തടയലും ഹൈവേ ഉപരോധവും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷക പ്രക്ഷോഭം 16-ാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിന് കരുത്തേകാന്‍ കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നാളെ മുതല്‍ അനിശ്ചിതകാല ട്രയിന്‍ തടയലും ഹൈവേ ഉപരോധവുമടക്കം സമരത്തിന്റെ രൂപം തന്നെ മാറ്റാനാണ് കര്‍ഷകരുടെ തീരുമാനം.നാളെ ജയ്പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും.

കര്‍ഷകര്‍ ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് കര്‍ഷകരുടെ നീക്കം.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച എട്ട് ഭേദഗതി നിര്‍ദ്ദേശങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാൻ കര്‍ഷക സംഘടനകൾ തയ്യാറാകണമെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമം പിൻവലിക്കാതെ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കര്‍ഷക സംഘടനകൾ വ്യക്തമാക്കി. ഇതോടെ സര്‍ക്കാരിന്‍റെ ഒത്തുതീര്‍പ്പ് നീക്കങ്ങളെല്ലാം വഴിമുട്ടുകയാണ്.

Content Highlight: Farmers to change strike form; Indefinite train blocking and highway blockade from tomorrow