ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിതരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര സര്‍ക്കാര്‍. ഓരോ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്ക് വീതം വാക്‌സിന്‍ വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. വാക്‌സിന്‍ കുത്തിവെപ്പ് കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്നത് സംബന്ധിച്ച മാര്‍ഗ്ഗ രേഖയും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി.
വാക്‌സിന്‍ സ്വീകരിച്ച ശേഷം അര മണിക്കൂര്‍ നിരീക്ഷണത്തില്‍ തുടരാനാണ് കേന്ദ്ര നിര്‍ദ്ദേശം. അരമണിക്കൂറിനുള്ളില്‍ രോഗ ലക്ഷണങ്ങളോ, പാര്‍ശ്വഫലങ്ങളോ കണ്ടെത്തിയാല്‍ അവരെ നേരത്തെ നിശ്ചയിച്ച ആശുപത്രിയിലേക്ക് മാറ്റും. ഇതിനായി തയാറാക്കുന്ന ആശുപത്രികളുടെ പട്ടിക തയാറാക്കാനും നിര്‍ദ്ദേശമുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ കുത്തി വെയ്്പ്പ് കേന്ദ്രങ്ങളില്‍ പ്രവേശനം.
വാക്‌സിന്‍ കുത്തിവെപ്പു കേന്ദ്രങ്ങള്‍ എങ്ങനെ സജ്ജീകരിക്കണമെന്ന് സംബന്ധിച്ചും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ കേന്ദ്രത്തിന് മൂന്നുമുറികള്‍ ഉണ്ടായിരിക്കണം. ആദ്യമുറി വാക്‌സിന്‍ സ്വീകരിക്കാന്‍ വരുന്നവര്‍ക്കുളള കാത്തിരിപ്പുകേന്ദ്രമാണ്. ഇവിടെ സാമൂഹിക അകലം പാലിക്കുന്നതിനുളള സജ്ജീകരണങ്ങള്‍ ക്രമീകരിക്കണം. രണ്ടാമത്തെ മുറിയിലായിരിക്കും കുത്തിവെയ്പ്പ്. ഒരുസമയം ഒരാളെ മാത്രമേ കുത്തിവെക്കുകയുളളൂ. തുടര്‍ന്ന് വാക്‌സിന്‍ സ്വീകരിച്ചയാളെ മൂന്നാമത്തെ മുറിയിലേക്ക് എത്തിച്ച് അരമണിക്കൂറോളം നിരീക്ഷിക്കും.
അതേസമയം, വികസ്വര രാജ്യങ്ങളെക്കാള്‍ സമ്പന്ന രാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങി കൂട്ടുന്നതായാണ് യുഎസിലെ ഡ്യൂക്ക് യൂണിവേഴ്സിറ്റിയുടെ പഠനം. ഡോസ് കണക്കില്‍ ഇന്ത്യയാണ് ഏറ്റവുമധികം വാക്സിന്‍ വാങ്ങിയത്. എന്നാല്‍ ജനസംഖ്യാനുപാതം നോക്കിയാല്‍ ഇന്ത്യയ്ക്ക് 59 ശതമാനം വാക്സിന്‍ മാത്രമേ ലഭിച്ചിട്ടുള്ളൂ. രാജ്യത്ത് എല്ലാവര്‍ക്കും വാക്സിന്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ വാക്സിന്‍ വിതരണം ചെയ്യുക.
Content Highlight: Center give guidelines on Covid Vaccine distribution