ഓർത്തഡോക്സ് പള്ളികളിലെ നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇടവക പൊതു യോഗത്തിൽ പങ്കെടുക്കുന്നതിനായി കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് ഹർജി നൽകിയിരിക്കുന്നത്.
കുമ്പസാര രഹസ്യം മറയാക്കി വൈദികർ സ്ത്രീകളെയും പുരുഷന്മാരെയും പീഢിപ്പിക്കുന്നവെന്നും ഹർജിക്കാർ ആരോപിച്ചു. ഓർത്തഡോക്സ് സഭാ അംഗങ്ങളായ മാത്യു ടി മാത്തച്ചൻ, സിവി ജോസ് എന്നിവരാണ് റിട്ട്. ഹർജി നൽകിയിരിക്കുന്നത്. കുമ്പസാരം നടത്തുന്നവരുടെ പേര് വിവരങ്ങൾ രജിസ്റ്ററിൽ സൂക്ഷിക്കുന്നതും പ്രസിദ്ധപെടുത്തുന്നതും ഭരണ ഘടന ഉറപ്പു നൽകുന്ന മൌലികാവകാശങ്ങൾക്കും വ്യക്തി സ്വാതന്ത്രത്തിനും എതിരാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
വൈദികന് മുന്നിൽ പാപങ്ങൾ ഏറ്റു പറയാൻ നിർബന്ധിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പുറമേ കാതോലിക്കോസ് ബസേലിയോസ് മാർത്തോമാ പൌലോസ് ദ്വിതീയൻ ഉൾപെടെ ഉള്ളവരെയും ഹർജിയിൽ എതിർ കക്ഷി ആക്കിയിട്ടുണ്ട്. നിർബന്ധിത കുമ്പസാരം ഭരണഘടനാ വിരുദ്ദമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപെട്ട് നൽകിയ ഹർജി കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
Content Highlights; SC to consider plea against mandatory confession in the orthodox church






