മരട് ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ല; സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ

marad flat case

മരട് ഫ്ലാറ്റ് കേസിലെ നഷ്ടപരിഹാര വിതരണവുമായി ബന്ധപെട്ട് സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യതയില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാല നഷ്ടപരിഹാരമായി നൽകിയ 62.25 കോടി രൂപ സർക്കാരിന് തിരികെ ലഭിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ഫ്ലാറ്റ് പൊളിച്ചതിന് ചിലവായ 32480529 രൂപ നിർമ്മാതാക്കളിൽ നിന്നും ഊടാക്കി നൽകണമെന്നും നഷ്ടപരിഹാര സമിതിയുടെ പ്രതിമാസ ചെലവും നിർമ്മാതാക്കളിൽ നിന്നും ഈടാക്കണമെന്നും സർക്കാർ കോടതിയോട് ആവശ്യപെട്ടു. സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ആവശ്യം ഉന്നയിച്ചത്. മരടിലെ നഷ്ടപരിഹാര വിതരണത്തിനായി ഫ്ലാറ്റ് നിർമ്മാതാക്കൾ ഇത് വരെ നൽകിയത് നാല് കോടി എൺപത്തിയൊൻപത് ലക്ഷം മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു.

ഗോൾഡൻ കായലോരത്തിന്റെ നിർമ്മാതാക്കാൾ 2 കോടി എൺപത്തിയൊൻമ്പത് ലക്ഷവും ജയിൻ ഹൌസിങ് കൺസ്ട്രക്ഷൻ രണ്ട് കോടിയും നൽകി. എന്നാൽ ആൽഫ സെറീൻ, ഹോളി ഫെയ്ത്ത് എന്നിവ ഇതുവരെയും തുകയൊന്നും നൽകിയതായി സമിതി സുപ്രിംകോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ രേഖപെടുത്തിയിട്ടില്ല. 248 ഫ്ലാറ്റ് ഉടമകൾക്കായി സംസ്ഥാന സർക്കാർ 62 കോടി നഷ്ട പരിഹാര ഇനത്തിൽ കൈമാറിയെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനായി വസ്തുക്കൾ വിൽക്കാൻ അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം സമതി തള്ളിയിരുന്നു.

Content Highlights; government not liable to pay compensation to marad flat owners submit a report in the supreme court