ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് സാരിയില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്‌നാട് സ്വദേശി കുമരി (50) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ച്ചയായി ഇവര്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം.

ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് സാരി കെട്ടിയിട്ട് അതില്‍ തൂങ്ങി താഴേക്ക് ചാടുന്നതിനിടെയാണ് വീണ് ഗുരുതരമാി പരിക്കേറ്റത്. ശനിയാഴ്ച്ച മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റില്‍ നിന്നാണ് ഇവര്‍രക്ഷപ്പെടാന്‍ ശ്രമിച്ചത്. വീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ പ്രദേശ വാസികള്‍ ചേര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അഭിഭാഷകനായ ഇംതിയാസ് എന്ന വ്യക്തിയുടേതാണ് ഫ്‌ളാറ്റ്. ഇയാള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും എഫ്‌ഐആറില്‍ പേര് ചേര്‍ത്ത് തുടര്‍ നടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇയാളുടെ വീട്ടു ജോലിക്കാരിയാണ് മരിച്ച കുമാരി. കുമാരി ഇംതിയാസില്‍ നിന്ന് 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നതായും അവധി ആവശ്യപ്പെട്ടപ്പോള്‍ ഇത് തിരികെ നല്‍കാതെ അവധി തരാനാകില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടതായി പരാതിക്കാരന്‍ പൊലീസില്‍ മൊഴി നല്‍കി.

ഇതിനിടെ മോഷണ ശ്രമത്തിനിടെയാണ് കുമാരിക്ക് അപകടമുണ്ടായതെന്ന് ഇംതിയാസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: House maid fell from flat in Kochi, died