നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്നുറച്ച് കര്‍ഷകര്‍; രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ചില്‍ വളര്‍ത്തു മൃഗങ്ങളുമായി തലസ്ഥാനത്തേക്ക്

ന്യൂഡല്‍ഹി: പതിനെട്ടാം ദിവസത്തിലേക്ക് കടക്കുന്ന കര്‍ഷക പ്രക്ഷോഭം കടുപ്പിച്ച് കര്‍ഷകര്‍. ജയ്പ്പൂര്‍ ദേശീയപതായിലൂടെയും ആഗ്ര എക്‌സ് പ്രസ് പാതയിലൂടെയും കര്‍ഷകരുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആരംഭിക്കും. കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളുമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ദില്ലിയിലേക്ക് നീങ്ങുകയാണ്. പശുക്കളും കാളകളും ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ സാഹ്ജന്‍പ്പൂരില്‍ നിന്ന് 11 മണിക്കാണ് ജയ്പ്പൂര്‍ ദേശീയപാതയിലെ റാലി ആരംഭിക്കുക. ട്രാക്ടറുകളുമായി രാജസ്ഥാനിലെയും ഹരിയാനയിലെയും യുപിയിലെയും കര്‍ഷകരാണ് എത്തുന്നത്. രാജസ്ഥാനില്‍ നിന്ന് പുറപ്പെടുന്ന മാര്‍ച്ച് അതിര്‍ത്തിയില്‍ തടയാനാണ് ഹരിയാന പൊലീസിന്റെ തീരുമാനം. സിംഘു, തിക്രി, ഗാസിപ്പൂര്‍ അതിര്‍ത്തികള്‍ക്ക് പുറമെ ജയ്പൂര്‍-ആഗ്ര പാതകളില്‍ കൂടി കര്‍ഷകര്‍ എത്തുന്നതോടെ ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാനപാതകളിലൂടെയുള്ള ഗതാഗതവും സ്തംഭിക്കും. ചരക്കുനീക്കം പൂര്‍ണമായി തടസ്സപ്പെടും. നിയമങ്ങള്‍ പിന്‍വലിക്കാനാകില്ലെന്ന നിലപാട് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന സാചര്യത്തിലാണ് കര്‍ഷകര്‍ സമരം കടുപ്പിക്കുന്നത്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ കര്‍ഷകരാണ് ആദ്യഘട്ടത്തില്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. എന്നാല്‍, 17 ദിവസം പിന്നിട്ടിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകാത്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമാക്കാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. അതിനിടെ സമരം രണ്ടു ദിവസത്തിനുള്ളില്‍ ഒത്തു തീരുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രി അറിയിച്ചിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ചൗട്ടാലയുടെ പ്രതികരണം. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കിയില്ലെങ്കില്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ചൗട്ടാല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Content Highlight: Second round of Delhi Chalo March starts today