കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ച നിരാഹാര സമരം ആരംഭിച്ചു; പിന്തുണയറിയിച്ച് കെജ്‌രിവാളും നിരാഹാരത്തില്‍

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കര്‍ഷകര്‍. ഇതോടെ കര്‍ഷകര്‍ പ്രഖ്യാപിച്ച 9 മണിക്കൂര്‍ നിരാഹാര സമരം ആരംഭിച്ചു. 20 നേതാക്കളാണ് സിംഘു അതിര്‍ത്തിയില്‍ നിരാഹാരമിരിക്കുന്നത്. കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഇന്ന് നിരാഹാരമിരിക്കും.

കര്‍ഷകരുടെ നിരാഹാര സമരത്തിന് പിന്തുണയറിയിച്ച് രാജ്യവ്യാപകമായി എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇന്ന് ധര്‍ണ്ണ നടത്താനാണ് തീരുമാനം. ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ സംസ്ഥാന കേന്ദ്രങ്ങളിലും ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ ഡല്‍ഹിയിലെ ഐടിഒ ഉപരോധിച്ചുള്ള സമരത്തിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് വളര്‍ത്തു മൃഗങ്ങളുമായി രാജസ്ഥാനില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്നലെ ഡല്‍ഹിയിലേക്ക് എത്തിയിരുന്നു. പശുക്കളും കാളകളും ഉള്‍പ്പെടെ നൂറുകണക്കിന് കന്നുകാലികളെയും തെളിച്ച് കര്‍ഷകര്‍ മാര്‍ച്ച് ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Content Highlight: Farmers protest moving to 9 hours Hunger strike