ന്യൂഡല്‍ഹി: പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ മാപ്പ് ചോദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിക്കുന്ന 40ഓളം കാര്‍ഷിക സംഘടനകള്‍. ലഘുരേഖകള്‍ അടിച്ചിറക്കിയാണ് അതിര്‍ത്തികള്‍ അടച്ചിട്ടതു മൂലം പൊതു ജനങ്ങള്‍ക്ക് നേരിടേണ്ടി വന്ന ക്ലേശങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും മാപ്പ് ചോദിച്ചത്. അന്നദാതാക്കള്‍ എന്ന് വിളിക്കുന്ന ഞങ്ങള്‍ക്ക് സമ്മാനമായാണ് കാര്‍ഷിക നിയമങ്ങള്‍ തന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും സത്യത്തില്‍ അത് തങ്ങള്‍ക്കുള്ള ശിക്ഷയായിരുന്നെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
കേന്ദ്ര നയങ്ങള്‍ക്കെതിരെ അതിര്‍ത്തിയില്‍ 40ഓളം കര്‍ഷക സംഘടനകളാണ് സമരത്തിലിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് പരിയാനയില്‍ നിന്നും രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിവിധ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. റോഡുകള്‍ തടയുകയെന്നതും, പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുകയെന്നതും തങ്ങളുടെ ലക്ഷ്യമല്ലെന്നും ഞങ്ങളുടെ ആവശ്യങ്ങള്‍ സാധിച്ചു കിട്ടാന്‍ ഇതാണ് വഴിയെന്നും കര്‍ഷക സംഘടനകള്‍ ലഘുരേഖയില്‍ ചൂണ്ടികാട്ടി. നിങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധ പ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ മതിയെന്നും ലഘുരേഖ വ്യക്തമാക്കുന്നു.
‘ഞങ്ങള്‍ കര്‍ഷകരാണ്, ഞങ്ങളെ ഭക്ഷ്യ ദാതാക്കള്‍ എന്ന് വിളിക്കുന്നു. പ്രധാനമന്ത്രി ഈ മൂന്ന് പുതിയ നിയമങ്ങളും സമ്മാനമായി തന്നതാണെന്ന് പറയുന്നു. ഇത് ഒരു സമ്മാനമല്ല, ശിക്ഷയാണെന്ന് ഞങ്ങള്‍ പറയുന്നു. നിങ്ങള്‍ ഞങ്ങള്‍ക്ക് ഒരു സമ്മാനം നല്‍കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍, ഞങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ന്യായമായ വില ഉറപ്പ് നല്‍കുക. റോഡുകള്‍ തടയുക, പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങള്‍ ഇവിടെ ആവശ്യക്കാരായിട്ട് ഇരിക്കുകയാണ്. എന്നിരുന്നാലും ഞങ്ങളുടെ പ്രക്ഷോഭം നിങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നുണ്ട്. ഞങ്ങള്‍ കൈകൂപ്പി ക്ഷമ ചോദിക്കുന്നു. നിങ്ങള്‍ക്ക് എന്ത് അത്യാവശ്യമുണ്ടെങ്കിലും ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകരെ ബന്ധപ്പെട്ടാല്‍ മതി.’ലഘുലേഖയില്‍ പറയുന്നു.
അതേസമയം 20-ാം ദിവസത്തിലേക്ക് നീണ്ട കര്‍ഷക പ്രക്ഷോധത്തില്‍ സമര മുറകള്‍ കടുപ്പിക്കുകയാണ് കര്‍ഷക സംഘടനകള്‍. ഇന്നലെ 9 മണിക്കൂറാണ് 20ലധികം സംഘടന നേതാക്കള്‍ നിരാഹര സമരത്തിലായിരുന്നു. ഇവര്‍ക്ക് പിന്തുണയറിയിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും നിരാഹാരത്തിലായിരുന്നു.
Content Highlight: Farmers’ protest against Centre’s three farm laws continues for the 20th day