പുതുതായി കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങളുടേയും പേര് മാറ്റാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപെട്ട് കർഷകർ നടത്തുന്ന സമരം ഇരുപതാം ദിവസം എത്തി നിൽക്കെയാണ് പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. ദില്ലി ചലോ മാർച്ച് ഇരുപത് ദിവസം പിന്നിടുന്നതോടെ കൂടുതൽ സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ് സംഘടനകൾ. ഇക്കാര്യം ചർച്ച ചെയ്യുന്നതിനായി മൂന്ന് മണിക്ക് നേതാക്കൾ യോഗം ചേരും.
നിയമം പിൻവലിക്കാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുമ്പോൾ സർക്കാർ മുന്നോട്ട് വെച്ച ഭേദഗതികൾ ഉൾപെടുത്തി നിയമത്തിന് പുതിയ മുഖം നൽകാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കർഷകർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല. പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമായി രണ്ടായിരത്തോളം വനിതകളാണ് ഇന്ന് സമരത്തിന്റ ഭാഗമാകാൻ എത്തിച്ചേർന്നത്.
അതേസമയം ബിജെപി കർഷക സമരത്തിനെതിരെ പുതിയ പ്രചരണ പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. നിയമം കർഷകർക്ക് ഗുണകരമാണെന്ന് വിശദീകരിക്കുന്നതിനായി പ്രചരണ പരിപാടികളും യോഗവും ആരംഭിച്ചു കഴിഞ്ഞു. ഇത്തരത്തിൽ രാജ്യത്തുട നീളം 700 ഓളം യോഗങ്ങൾ സംഘടിപ്പിക്കാനാണ് നീക്കം.
Content Highlights; government attempt to change the name of the laws