കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചുള്ള സമര മാർഗവുമായി കർഷക സംഘടനകൾ. ജില്ലാ കേന്ദ്രങ്ങളിലെ ഉപരോധത്തിന് കഴിഞ്ഞ ദിവസം തുടക്കമിട്ടതിന് പിന്നാലെയാണ് പുതിയ സമരമുറ. സമരം അവസാനിപ്പിക്കാൻ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയെങ്കിലും നിയമങ്ങൾ പിൻവലിക്കാതെ വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കർഷക നേതാക്കൾ.
നിയമങ്ങൾ മുഴുവനായി റദ്ധാക്കലല്ല പോംവഴിയെന്നും മോദി സർക്കാർ തുറന്ന ചർച്ചക്ക് തയ്യാറാകണമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ പ്രതികരിച്ചു. കാർഷിക വിഷയങ്ങളിൽ ചർച്ചക്കായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷവും കാർഷിക സംഘടനകളും ആവശ്യപെട്ടെങ്കിലും അത് സാധ്യമല്ലെന്ന് പാർലമെന്ററി മന്ത്രി പ്രൾഹാദ് ജോഷിയും വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരെയുള്ള സമരം കർഷക സംഘടനകൾ കടുപ്പിച്ചിരിക്കുകയാണിപ്പോൾ. സമരത്തിനായി ഡൽഹിയിലേക്ക് എത്തുന്നവരെ സർക്കാർ തടയുകയാണെന്നും ഇത് ഏകാതിപത്യമാണെന്നുംമാണ് ആരോപണം.
കൂടാതെ സമരത്തിലെത്തുന്ന കർഷകരെ ബലം പ്രയോഗിച്ച് തടഞ്ഞാൽ പോലീസ് സ്റ്റേഷനുകളിൽ കന്നുകാലികളെ കെട്ടിയിടുമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് മുന്നറിയിപ്പ് നൽകി. ഈ സ്ഥിതി ഇനിയും തുടരുകയാണെങ്കിൽ ഡൽഹി- മീററ്റ് ദേശീയ പാത ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ചു. കടലാസു സംഘടനകളെ രംഗത്തിറക്കി കർഷക പ്രക്ഷോഭത്തെ തകർക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം വില പോവില്ലെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹനൻമൊള്ളയും പ്രതികരിച്ചു.
Content Highlights; farmers protest