മുഖ്യമന്ത്രിയുടെ അഡീഷ്ണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരായി. രാവിലെയോടെയാണ് കൊച്ചി ഇഡി ഓഫീസിൽ രവീന്ദ്രൻ ഹാജരായത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപെട്ടുള്ള നോട്ടീസിനെതിരെ നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന് വരാനിരിക്കെയാണ് രവീന്ദ്രൻ ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപെട്ട് രവീന്ദ്രന് നാലാമത്തെ തവണയാണ് ഇഡി നോട്ടീസയക്കുന്നത്. മുമ്പ് മൂന്ന് തവണ നോട്ടീസയച്ചപ്പോഴും കൊവിഡ് ഉൾപെടെയുള്ള ആരോഗ്യ കാരണങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് രവീന്ദ്രൻ ഹാജരായിരുന്നില്ല. എന്നാൽ നടുവേദന ഒഴികെ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു.
താൻ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും രവീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തനിക്ക് കോവിഡാനന്തര അസുഖങ്ങൾ ഉണ്ടെന്നും അതുകൊണ്ട് തന്നെ കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപെട്ടു. എന്നാൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് പറയുന്നതിനായി ഹർജിക്കാരന് അവകാശമില്ലെന്നായിരുന്നു ഇഡിയുടെ വാദം.
പല തവണ സമൻസ് അയച്ചിട്ടും രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായില്ല. നിയമത്തിന്റെ കരങ്ങളിൽ നിന്ന് ഒളിച്ചോടാൻ രവീന്ദ്രൻ ശ്രമിക്കുകയാണെന്നും ഇ.ഡി ആരോപിച്ചു. നോട്ടീസിൽ ഏത് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇഡി രേഖപെടുത്തിയിട്ടില്ല.
Content Highlights; C M Raveendran in enforcement directorate