കാർഷിക നിയമത്തിനെതിരെ സമരം ചെയ്ത ആറ് കർഷകരോട് 50000 രൂപ പിഴയടക്കാൻ ഉത്തരവിട്ട് യുപി സർക്കാർ

6 UP Farmers Get ₹ 50 Lakh Notice Over Protests, Sum Revised To 50,000

കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്ത യുപിയിലെ ആറ് കര്‍ഷകര്‍ക്ക് 50000 രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ട് സംഭല്‍ ജില്ലാ അധികൃതരുടെ നോട്ടീസ്. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു കൊണ്ടാണ് നോട്ടീസ് നല്‍കിയത്. 50 ലക്ഷം രൂപയുടെ നോട്ടീസായിരുന്നു ആദ്യം നൽകിയിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ തിരുത്തി 50000 രൂപയാക്കുകയായിരുന്നു.

ഭാരതീയ കിസാന്‍ യൂണിയന്‍(അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാല്‍ സിംഗ് യാദവ്, മറ്റ് കര്‍ഷക നേതാക്കളായ ജയ്വീര്‍ സിംഗ്, ബ്രഹ്മചന്ദ് യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഇവരും സമരം സംഘടിപ്പിച്ചിരുന്നു.

തുടർന്ന് സമരം നടത്തിയ നേതാക്കൾ സമാധാനം തകർത്തുവെന്നാരോപിച്ച് ഹയാത്നഗര്‍ പോലീസ് 50 ലക്ഷം രൂപയുടെ നോട്ടീസ് ഓരോരുത്തര്‍ക്കായി നൽകുകയായിരുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ദീപേന്ദ്ര യാദവ് വ്യക്തമാക്കി.

കർഷകർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് തുക 50000 മായി കുറച്ചത്. എന്നാൽ ജയിലിലടക്കുകയോ തൂക്കി കൊല്ലുകയോ ചെയ്താൽ പോലും പണം നൽകില്ലെന്നും, കര്‍ഷകര്‍ക്കുവേണ്ടിയുള്ള പോരാട്ടം ഇനിയും തുടരുമെന്നും രാജ്പാല്‍ സിംഗ് യാദവ് പ്രതികരിച്ചു.

Content Highlights; 6 UP Farmers Get ₹ 50 Lakh Notice Over Protests, Sum Revised To 50,000